പൊതുമാപ്പ്: 345089 വിദേശികൾ ഉപയോഗപ്പെടുത്തി
text_fieldsജിദ്ദ: രണ്ട് മാസത്തിനിടയിൽ 345089 വിദേശികൾ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയതായി സൗദി പാസ്പോർട്ട് അസിസ്റ്റൻറ് മേധാവി കേണൽ ദയ്ഫുല്ലാഹ് അൽഹുവൈഫി പറഞ്ഞു. പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാനുള്ള സമയപരിധി റമദാൻ അവസാനം വരെയാണ്. ഇൗ അവസരം നിയമലംഘകർ ഉപയോഗപ്പെടുത്തണം. നാഷനൽ ഇൻഫർമേഷൻ സെൻററുമായി സഹകരിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മടക്കയാത്ര നടപടികൾ എളുപ്പമാക്കാൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ വ്യാപകമായ പരിശോധന നടത്തുമെന്നും പിടിയിലാകുന്ന നിയമലംഘകർക്ക് പിഴയും ശിക്ഷയും നേരിടേണ്ടിവരുമെന്നും നിയമലംഘകർക്ക് ജോലിയോ, താമസ സൗകര്യങ്ങളോ നൽകി ആരും സഹായിക്കരുതെന്നും പാസ്പോർട്ട് അസിസ്റ്റൻറ് മേധാവി പറഞ്ഞു. അതേ സമയം എക്സിറ്റ് നടപടികൾ പൂർത്തിയാക്കിയിട്ടും നാടണയാത്ത നിയമലംഘകർക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതുമാപ്പ് കാലയളവിൽ ഫൈനൽ എക്സിറ്റ് വിസ നേടിയ നിയമ ലംഘകർ രാജ്യം വിട്ടില്ലെങ്കിൽ കാലാവധി കഴിഞ്ഞയുടൻ വിസ റദ്ദാക്കുമെന്ന് പാസ്പോർട്ട് വിഭാഗം കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ഫൈനൽ എക്സിറ്റ് വിസ ലഭിച്ചവർ അനുവദിച്ച സമയത്തിനുള്ളിൽ രാജ്യം വിടണം. അല്ലാത്തപക്ഷം എക്സിറ്റ് വിസ റദ്ദാക്കും. പിന്നീടവരുടെ ഒാൺലൈൻ സേവനം നിർത്തലാക്കുമെന്നും ശിക്ഷാനടപടികൾ കൈകൊള്ളുമെന്നും പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകി. പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം വിവിധ രാജ്യക്കാരായ നിരവധി പേർ രാജ്യം വിട്ടിട്ടുണ്ട്. ഇനി 20 ദിവസം മാത്രമാണ് ബാക്കിയുള്ളത്. കാലാവധി കഴിഞ്ഞാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വ്യാപകമായ പരിശോധനയുണ്ടാകുമെന്ന് പാസ്പോർട്ട് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിെൻറ മുന്നോടിയായി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പെടുന്ന സ്ഥാപനങ്ങളിലൊന്നും നിയമലംഘകരെ ജോലിക്ക് വെക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പരിശോധനയടക്കമുള്ള നടപടികൾ സ്വീകരിക്കാൻ രാജ്യത്തെ വിവിധ മേഖലകളിലെ ബലദിയ ഒാഫീസുകൾക്ക് മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയവും പൊതുമാപ്പ് നടപടികൾ ഉൗർജ്ജിതമാക്കാൻ ബ്രാഞ്ച് ഒാഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വാണിജ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ അനധികൃതതാമസക്കാരില്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
