സൗദിയുടെ വ്യോമാക്രമണം ഇറാഖി ജനതക്കോ സർക്കാരിനോ എതിരെയല്ല: സൗദി അറേബ്യ
text_fieldsസൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി
റിയാദ്: ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഭീകര-സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി അറേബ്യ നടത്തിയ സൈനിക നടപടികൾ ഇറാഖി ജനതക്കോ ഇറാഖ് സർക്കാരിനോ എതിരെയുള്ളതല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സൗദിയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാവുകയും സിവിലിയൻ മേഖലകളെയും സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിടുകയും ചെയ്ത സായുധസംഘങ്ങളുടെ ശേഷി തകർക്കുക മാത്രമാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി പരമാവധി സ്വയംസംയമനം പാലിച്ചതായും എല്ലാവിധ നയതന്ത്ര-രാഷ്ട്രീയ മാർഗങ്ങളും പൂർണമായി ഉപയോഗപ്പെടുത്തിയ ശേഷമാണ് ഇത്തരമൊരു പ്രതികരണത്തിലേക്ക് കടന്നതെന്നും സൗദി വ്യക്തമാക്കി. ഭീകര സായുധസംഘങ്ങൾ ഇറാഖിെൻറ ദേശീയ താല്പര്യങ്ങൾക്കും മറ്റ് അറബ്-ഇസ്‌ലാമിക രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കും ആഘാതമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇറാഖിെൻറ ഭൂപരിധിയും വിഭവങ്ങളും അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കും മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നതിനുമായി ഇവർ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതികരണത്തിൽ വിമർശിച്ചു.
ഇറാഖ് സർക്കാരുമായും അവിടുത്തെ ജനങ്ങളുമായുമുള്ള സൗഹൃദബന്ധത്തിന് സൗദി അറേബ്യ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ പശ്ചാത്തലത്തിലാണ് ഭീഷണിയുയർത്തുന്ന ഭീകര സായുധസംഘങ്ങളുടെ കേന്ദ്രങ്ങളെ മാത്രം കൃത്യമായി ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. വർഗീയത പടർത്തുകയെന്ന ലക്ഷ്യത്തോടെ ഇറാഖിന് അകത്തും പുറത്തുമുള്ള ചില കേന്ദ്രങ്ങൾ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ ഇറാഖിലെ വിവേകമതികളായ ജനങ്ങളെ സ്വാധീനിക്കില്ലെന്നും സൗദി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇറാഖിെൻറ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്ന രീതിയിലുള്ള സൗഹൃദബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് തടയാൻ ആഗ്രഹിക്കുന്ന വിഭാഗങ്ങളാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ.
സൗദിയിലെ പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ പങ്കുള്ളതും ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതുമായ സായുധവിഭാഗങ്ങൾക്കെതിരെ കൃത്യമായ സൈനിക തിരിച്ചടി നൽകിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. യു.എസ് സെൻട്രൽ കമാൻഡുമായി ഏകോപിപ്പിച്ചായിരുന്നു ഈ സൈനിക നടപടി. മേഖലയിൽ സംഘർഷം വഷളാക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിെൻറ പരമാധികാരത്തിന് നേർക്കുണ്ടാകുന്ന ഏത് അധിനിവേശത്തിനും ശക്തമായ മറുപടി നൽകുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

