സൗദി എയർലൈൻസ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു
text_fieldsറിയാദ്: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം സാധാരണ നിലയിലാക്കുന്നതിെൻറ ഭാഗമായി, പ്രമുഖ ഗൾഫ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ സൗദി എയർലൈൻസ് (സൗദിയ) ഭാഗികമായി പുനരാരംഭിക്കുന്നു. ഏപ്രിൽ 11 (ശനിയാഴ്ച) മുതൽ ദുബൈ, അബുദാബി, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നത്.
ഇരുവശങ്ങളിലേക്കും ദിവസേനയുള്ള പ്രത്യേക വിമാനങ്ങളായിരിക്കും ഈ ഘട്ടത്തിൽ സർവീസ് നടത്തുക. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജിദ്ദയിൽ നിന്ന് ദുബായിലേക്ക് എസ്.വി 588, എസ്.വി 589 എന്നീ വിമാനങ്ങളും, അബുദാബിയിലേക്ക് എസ്.വി 570, എസ്.വി 71 എന്നീ വിമാനങ്ങളും സർവീസ് നടത്തും. കൂടാതെ ജിദ്ദ - അമ്മാൻ സെക്ടറിൽ എസ്.വി 631, എസ്.വി 632 എന്നീ വിമാനങ്ങളും ലഭ്യമായിരിക്കും.
വ്യോമഗതാഗതത്തിലെ തടസ്സങ്ങൾ നീക്കി സേവനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. എങ്കിലും, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുതുക്കിയ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ നിരന്തരം ലഭ്യമാക്കും.
മേഖലയിലെ സൈനിക നീക്കങ്ങളും യുദ്ധസാഹചര്യങ്ങളും കാരണം വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് വിമാന സർവീസുകൾക്ക് വ്യാപകമായ തടസ്സങ്ങൾ നേരിട്ടിരുന്നു. പല രാജ്യങ്ങളും വ്യോമപാതകൾ അടച്ചതും ദൈർഘ്യമേറിയ ബദൽ പാതകൾ സ്വീകരിക്കേണ്ടി വന്നതും യാത്രാക്ലേശത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി എയർലൈൻസിെൻറ ഈ സുപ്രധാന നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

