വിദേശി യുവാവിന് രക്ഷകരായി സൗദി എയർ ആംബുലൻസ്
text_fieldsയുവാവിനെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റുന്നു
മദീന: പക്ഷാഘാത ലക്ഷണങ്ങൾ പ്രകടിപ്പിച്ച 28 കാരനായ വിദേശി യുവാവിന് അടിയന്തര രക്ഷയൊരുക്കി സൗദി റെഡ് ക്രസന്റ് അതോറിറ്റി. മദീന മേഖലയിലെ ഉൾപ്രദേശത്തുനിന്നും എയർ ആംബുലൻസ് മാർഗ്ഗമാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തെക്കുറിച്ച് അധികൃതർ നൽകുന്ന വിവരങ്ങൾ ഇങ്ങനെ: മദീനയിലെ വാദി റീമിലെ അൽഷലൈൽ ഗ്രാമത്തിൽ നിന്നാണ് അടിയന്തര വൈദ്യസഹായം തേടിക്കൊണ്ടുള്ള സന്ദേശം റെഡ് ക്രസന്റിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടൻ തന്നെ അധികൃതർ എയർ ആംബുലൻസ് സേവനം ലഭ്യമാക്കി. വിവരം ലഭിച്ച് വെറും 19 മിനിറ്റിനുള്ളിൽ റെഡ് ക്രസന്റ് മെഡിക്കൽ സംഘം സ്ഥലത്തെത്തി. ഓൺ-ഡ്യൂട്ടി കൺസൾട്ടന്റുമായി ബന്ധപ്പെട്ട് രോഗിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം, അടിയന്തരമായി 'സ്ട്രോക്ക് പാത്ത്‌വേ' പ്രോട്ടോക്കോൾ ആക്റ്റീവ് ആക്കി. സ്ഥലത്തുവെച്ചുതന്നെ ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം, വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.
ദുർഘടമായ പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തങ്ങളുടെ കര, വ്യോമ സംഘങ്ങൾ പൂർണ്ണ സജ്ജമാണെന്ന് സൗദി റെഡ് ക്രസന്റ് അറിയിച്ചു. കമ്മ്യൂനിറ്റി സുരക്ഷ ഉറപ്പാക്കുന്നതിനും രോഗികൾക്ക് വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

