സൗദിയുടെ സഹായം; സിറിയൻ തീർഥാടകർക്ക് 25,000 ഡോസ് മെനിഞ്ചൈറ്റിസ് വാക്സിൻ
text_fieldsസിറിയയിൽ സൗദി മെനിഞ്ചൈറ്റിസ് വാക്സിൻ എത്തിക്കുന്നു
റിയാദ്: ഈ വർഷത്തെ ഹജ്ജിനെത്തുന്ന സിറിയൻ തീർഥാടകർക്കുവേണ്ടി കാൽലക്ഷം ഡോസ് മെനിഞ്ചൈറ്റിസ് വാക്സിൻ സൗദി അറേബ്യ സൗജന്യമായി നൽകി. സിറിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർഥനയെ തുടർന്നാണിത്. സൗദിയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെന്റർ മുഖേനെ സിറിയയിൽ വാക്സിൻ എത്തിക്കാൻ ആരംഭിച്ചു.
വരും ദിവസങ്ങളിൽ പുണ്യഭൂമിയിലേക്ക് സുരക്ഷിതമായി എത്തിച്ചേരുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി തീർഥാടകർക്ക് സ്വദേശത്തുവെച്ച് വാക്സിനേഷൻ നടത്താൻ സൗകര്യപ്പെടുംവിധമാണ് മരുന്ന് എത്തിക്കുന്നത്.
തങ്ങളുടെ ആവശ്യത്തിന് ഉടൻ പ്രതികരിക്കുകയും വാക്സിൻ നൽകാൻ ആരംഭിക്കുകയും ചെയ്ത സൗദി അറേബ്യക്ക് സിറിയൻ ആരോഗ്യ മന്ത്രാലയം അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. കിങ് സൽമാൻ റിലീഫ് സെന്റർവഴി നിലവിൽ സിറിയൻ ജനതക്ക് നൽകുന്ന എല്ലാ അടിയന്തര സഹായങ്ങളും നൽകിക്കൊണ്ടിരിക്കുന്ന സൗദിയുടെയും അതിന്റെ ഭരണകൂട നേതൃത്വത്തിന്റെയും ഭാഗത്തുനിന്നുള്ള ഈ ഉദാരതയിൽ ആശ്ചര്യപ്പെടാനില്ലെന്നും സിറിയൻ മന്ത്രാലയം ചൂണ്ടിക്കാട്ടി.
സഹോദര, സൗഹൃദ രാജ്യങ്ങളെയും ജനങ്ങളെയും പിന്തുണക്കുന്നതിനും അവർക്ക് ആവശ്യമായ എല്ലാ മരുന്നുകളും മെഡിക്കൽ സാധനങ്ങളും നൽകുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

