സൗദിയിൽ വാഹനാപകടത്തിൽ മരിച്ച നാല് നാഴ്‌സുമാരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലയക്കും
text_fieldsഅപകടത്തിൽ മരിച്ച ജയ്സി, ജോബിന ജോണി, ഹെപ്സിബ, വിജയലക്ഷ്മി
ജിദ്ദ: സൗദിയിലെ ത്വാഇഫ് നഗരത്തിൽ നിന്ന് നിന്ന് 350 കിലോമീറ്റർ അകലെ റാണിയയിൽ വാഹനാപകടത്തിൽ മരിച്ച നാല് ഇന്ത്യൻ നഴ്സുമാരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലയക്കും.
കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജോബിനാ ജോണി, തമിഴ്നാട് തഞ്ചാവൂർ സ്വദേശിനി വിജയലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് (തിങ്കൾ) നാട്ടിലയക്കും.
കോട്ടയം കിടങ്ങൂർ സ്വദേശിനി ജയ്സിമോൾ, തമിഴ്നാട് തൃച്ചി സ്വദേശിനി ഹെപ്സിബ ദേവമണി എന്നിവരുടെ മൃതദേഹങ്ങൾ നാളെയും (ചൊവ്വ) നാട്ടിലയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
നാല് പേരുടെയും മൃതദേഹങ്ങൾ റാണിയ ജനറൽ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അവിടെനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് എംബാമിംഗ് നടപടികൾക്കായി ജിദ്ദയിലെത്തിച്ചത്. എയർ ഇന്ത്യയും ഇൻഡിഗോയും സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് നടപടികൾ വേഗത്തിൽ പൂർത്തിയായിട്ടും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ വൈകിയത്.
ജിദ്ദ നവോദയയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്. മരുഭൂമിയിലെ ചെറുപട്ടണമായ റാണിയയിൽ മറ്റ് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നവോദയയെ കാര്യങ്ങൾ ഏൽപ്പിക്കുകയായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും നവോദയ ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനറുമായ പന്തളം ഷാജി, മോബിൻ തോമസ് എന്നിവർക്കാണ് നടപടികൾ പൂർത്തിയാക്കാനുള്ള പവർ ഓഫ് അറ്റോർണി കുടുംബം നൽകിയത്.
ഒക്ടോബർ രണ്ടിനാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് സ്വദേശിയായ ഡ്രൈവർ അടക്കം അഞ്ചു പേർ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു. ബഹ്‌റൈൻ വഴിയുള്ള വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള വഴിയൊരുക്കുന്നതെന്ന് നടപടികൾ പൂർത്തിയാക്കാൻ രംഗത്തുള്ള സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

