സത്താർ കായംകുളം കോൺഗ്രസ് മുഖമായിരുന്നു -ദമ്മാം ഒ.ഐ.സി.സി
text_fieldsസത്താർ കായംകുളം അനുസ്മരണ സമ്മേളനത്തിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല സംസാരിക്കുന്നു
ദമ്മാം: മൂന്നു പതിറ്റാണ്ട് റിയാദ് കേന്ദ്രമായി പ്രവാസ ലോകത്തെ സാമൂഹിക-സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സത്താർ കായംകുളത്തിന്റെ വേർപാട് പ്രവാസിസമൂഹത്തിനും ഒ.ഐ.സി.സിക്കും കനത്ത നഷ്ടമാണെന്ന് ദമ്മാം റീജനൽ കമ്മിറ്റി അനുശോചന യോഗം അഭിപ്രായപ്പെട്ടു.
പൊതുസമൂഹവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന സത്താർ കായംകുളം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നെന്നും തൂവെള്ള വസ്ത്രധാരിയായ റിയാദിലെ കോൺഗ്രസുകാരുടെ മുഖമായിരുന്നുവെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അഭിപ്രായപ്പെട്ടു. സത്താർ കായംകുളവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നാഷനൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട്, സാജിദ് ആറാട്ടുപുഴ, സുബൈർ ഉദിനൂർ, ഹനീഫ് റാവുത്തർ എന്നിവർ അനുസ്മരിച്ചു. ഷംസു കൊല്ലം സ്വാഗതവും ചന്ദ്രമോഹനൻ നന്ദിയും പറഞ്ഞു. യോഗാനന്തരം പരേതനുവേണ്ടി നടത്തിയ മയ്യിത്ത് നമസ്കാരത്തിന് സിറാജ് പുറക്കാട് നേതൃത്വം നൽകി.

