ഗാന്ധിയെ രാഷ്ട്രീയമായി വായിച്ച് ചില്ല സർഗവേദി
text_fieldsസ്നിഗ്ധ വിപിൻ പുസ്തകം അവതരിപ്പിക്കുന്നു
റിയാദ്: പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകത്തിലൂടെ മഹാത്മാ ഗാന്ധിജിയെ വ്യത്യസ്ത കോണിലൂടെ വായിച്ച് റിയാദിലെ ചില്ല സർഗവേദിയുടെ ഡിസംബർ മാസത്തെ വയനപരിപാടി. ഗാന്ധി ഒരു ചരിത്ര വ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളിൽ രാഷ്ട്രീയമായി പുനർനിർമിക്കപ്പെടുന്ന ഒരു പ്രതീകമായി അവതരിപ്പിക്കുന്ന വിമർശനാത്മക പഠനമാണ് ഈ പുസ്തകമെന്ന് വായനാനുഭവം അവതരിപ്പിച്ച വി.കെ. ഷഹീബ അഭിപ്രായപ്പെട്ടു.
ആൻജി തോമസിന്റെ ‘ദ ഹേറ്റ് യു ഗീവ്’ എന്ന നോവൽ സ്നിഗ്ധ വിപിൻ അവതരിപ്പിച്ചു. വംശീയത, പൊലീസ് അക്രമം, സാമൂഹിക അനീതികൾ എന്നിവയെ ശക്തമായി ചോദ്യംചെയ്യുന്ന കൃതിയിൽ, വ്യക്തിപരമായ വേദന സാമൂഹിക പ്രതിഷേധമായി മാറുന്ന പ്രക്രിയയാണ് അവതരിപ്പിക്കുന്നതെന്ന് സ്നിഗ്ധ പറഞ്ഞു. യുവജന ശബ്ദവും ബ്ലാക്ക് ലൈവ്സ് മാറ്റർ പശ്ചാത്തലവും നോവലിന് സമകാലിക പ്രസക്തി നൽകുന്നുവെന്നും ലോകമെമ്പാടുമുള്ള വിവേചനങ്ങളെയും പ്രതിരോധങ്ങളെയും മനസ്സിലാക്കാൻ സഹായിക്കുന്ന ശക്തമായ വായനാനുഭവമാണ് ഈ പുസ്തകമെന്നും സ്നിഗ്ധ കൂട്ടിച്ചേർത്തു.
സഹർ ഖലീഫയുടെ ‘വൈൽഡ് തോൺസ്’ എന്ന നോവൽ ഷിംന സീനത്ത് അവതരിപ്പിച്ചു. അധിനിവേശം വെറും ഭൂമി കൈയേറ്റമല്ല, തൊഴിലും ജീവിതവും നിയന്ത്രിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ സംവിധാനമാണെന്ന് ഈ കൃതി ഓർമിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
ചില്ലയുടെ സ്വന്തം എഴുത്തുകാരനായ റഫീഖ് പന്നിയങ്കരയുടെ ‘പ്രിയപ്പെട്ടൊരാൾ’ എന്ന നോവലിനെ നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. സ്വകാര്യ അനുഭവങ്ങളെ സാമൂഹിക ബോധ്യങ്ങളുമായി ചേർത്ത്, സ്നേഹവും നഷ്ടവും രാഷ്ട്രീയ നിസ്സഹായതയും ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. രോഗികളായി ആശുപത്രിക്കിടക്കകളിൽ കഴിയുന്നവരോടൊപ്പം അവരുടെ കൂട്ടിരിപ്പുകാരുടെയും നൊമ്പരവും വിഹ്വലതകളും ലളിതമായ ഭാഷയിൽ റഫീഖ് വരച്ചുവെച്ചിരിക്കുവെന്നും നജിം കൂട്ടിച്ചേർത്തു. സീബ കൂവോട് മോഡറേറ്റ് ചെയ്ത വായന ചർച്ചയിൽ ഷമീർ കുന്നുമ്മൽ, റഫീഖ് പന്നിയങ്കര, ഇഖ്ബാൽ വടകര, വിപിൻ കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

