വാഹനാപകടത്തിൽ പരിക്കേറ്റ സൻഹ ഷെറിനെ നാട്ടിലെത്തിച്ചു
text_fieldsവാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സൻഹ ഷെറിനെ ഇന്ത്യൻ സോഷ്യൽ ഫോറം നേതാക്കൾ വിമാനത്താവളത്തിൽ യാത്രയാക്കുന്നു
മദീന: നജ്റാനിൽനിന്നും ഉംറക്കായി തിരിച്ച മലയാളി കുടുംബം ഉംറ കഴിഞ്ഞു മദീനയിലേക്കുള്ള യാത്രയിൽ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് ഗുരുതരമായ പരിക്കുകളോടെ മദീന സൗദി ജർമൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന സലീം പുളിക്കൽ- ഭാര്യ സാബിറ സലീം എന്നിവരുടെ മകൾ ഒമ്പത് വയസ്സുള്ള സൻഹ ഷെറിനെ വിദഗ്ദ്ധ ചികിത്സക്ക് നാട്ടിലെത്തിച്ചു. ഏതാനും ദിവസംമുമ്പാണ് ഇവർ സഞ്ചരിച്ച വാഹനം മക്കയിൽനിന്നും മദീനയിലേക്ക് എത്തുന്നതിന് 150 ഓളം കിലോമീറ്റർ അപ്പുറം വാദി അൽ ഫുറ എന്ന സ്ഥലത്തുവെച്ച് അപകടത്തിൽ പെട്ടത്. സലീമും ഭാര്യ സാബിറയും മകൾ സന്‍ഹ ഷെറിനും ഗുരുതര പരിക്കുകളോടെ മദീനയിലെ സൗദി ജർമൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ഉമ്മയും മകളും അപകടനില തരണം ചെയ്തതിനാൽ അവരെ റൂമിലേക്കു മാറ്റുകയും പിതാവ് സലിം ഇപ്പോഴും ഐ.സി.യുവിൽ തന്നെയുമാണ്. മകൾ സന്‍ഹ ഷെറിന്റെ തുടയെല്ല് പൊട്ടിയതിനാൽ ശസ്ത്രക്രിയ ചെയ്തിരിക്കുകയാണ്. കാൽ തൂക്കിയിടാനോ പരസഹായമില്ലാതെ യാത്ര ചെയ്യാനോ സാധ്യമല്ലാത്തതിനാൽ വിമാനത്തിൽ വീൽചെയർ സൗകര്യം ഏർപ്പെടുത്തിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. തുടക്കം മുതൽ കൂടെനിന്ന് ഇവർക്കാവശ്യമായ സഹായം ചെയ്യുന്ന ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ അസീസ് കുന്നുംപുറവും ജനറൽ സെക്രട്ടറി റഷീദ് വരവൂരും കുട്ടിയെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകൾ ശരിയാക്കി അബ്ദുൽ അസീസ് കുന്നുംപുറത്തിന്റെ കൂടെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നജുമ റഷീദ്, അനു റസ്ലി, ലബീബ മുഹമ്മദ് എന്നിവരും സഹായത്തിനുണ്ടായിരുന്നു. സലീം പുളിക്കലും സാബിറ സലീമും ഇപ്പോഴും മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സാബിറ സലീമിനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി അഷ്റഫ് ചൊക്ലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

