സംഘ്പരിവാർ ഇന്ത്യയുടെ യശസ്സ് നശിപ്പിച്ചു -ഐ.എം.സി.സി
text_fieldsറിയാദ്: മുസ്ലിം ജനസമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തും വിധം പുണ്യപ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളുടെ ഭ്രാന്തൻ ജൽപനങ്ങൾ ഇന്ത്യയുടെ സൽപേര് അന്താരാഷ്ട്ര സമൂഹത്തിൽ കളങ്കപ്പെടുത്തിയതായി ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി കുറ്റപ്പെടുത്തി. എല്ലാ മതവിഭാഗങ്ങളുടെയും പുണ്യാത്മാക്കളെയും ഗ്രന്ഥങ്ങളെയും ആരാധനാലയങ്ങളെയും ബഹുമാനപൂർവം പരിഗണിക്കപ്പെടുന്ന ഉന്നത സംസ്കൃതിയാണ് ഭാരതത്തിന്റേത്.
ഇതിൽനിന്നും ഭിന്നമായി മതവിഭജനവും പരമതവിദ്വേഷവും ജാതീയതയും നിലപാടാക്കിയവരാണ് സംഘ്പരിവാർ ഫാഷിസ്റ്റുകൾ. മഹിതമായ രാജ്യത്തിന്റെ സൽപേര് നിരന്തരം കളങ്കപ്പെടുത്തുന്ന സംഘ് ഫാഷിസത്തിന്റെ ഹിംസാത്മകവും ആക്രമണോത്സുകവുമായ നപടികൾ രാജ്യത്തിന് പുറത്ത് സമാധാനത്തോടെ തൊഴിൽ ചെയ്ത് ജീവിക്കുന്ന പ്രവാസികൾക്കും പ്രയാസം സൃഷ്ടിക്കുന്നതാണ്. നൂപുർ ശർമ, നവീൻകുമാർ എന്നീ സംഘ് ഫാഷിസ്റ്റുകളുടെ വിഷലിപ്തമായ പ്രസ്താവനകളിൽ ലോക മുസ്ലിംകൾക്കുണ്ടായ പ്രയാസത്തിൽ പ്രധാനമന്ത്രി നിരുപാധികം ലോകത്തോട് മാപ്പ് പറയണമെന്നും ഐ.എം.സി.സി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സൗദി ഐ.എം.സി.സി പ്രസിഡന്റ് സൈത് കള്ളിയത്ത്, ഹനീഫ് അറബി പെരുവള്ളൂർ, ബഷീർ ചേളാരി, ഇസ്ഹാഖ് തയ്യിൽ എന്നിവർ സംസാരിച്ചു.

