സാമുവൽ ജോണിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsസാമുവൽ
ജോൺ
അൽ അഹ്സ: ഹുഫൂഫ് സനാഇയ്യയിലെ സ്റ്റീൽ വർക്ക്ഷോപ്പിലുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ, ചെങ്ങന്നൂർ വെണ്മണി സ്വദേശി സാമുവൽ ജോണിന്റെ (48) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പിക്കപ്പ് വാനിൽനിന്നും ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടയിൽ ശരീരത്തിലേക്ക് ഷീറ്റുകൾ മറിഞ്ഞ് സാമുവൽ തൽക്ഷണം മരണപ്പെടുകയായിരുന്നു. തെങ്ങുംതറയിൽ നൈനാൻ ജോണിന്റെയും ശോശാമ്മയുടെയും മകനായ സാമുവൽ ഏഴ് വർഷമായി പ്രവാസിയാണ്. ഭാര്യ: തൃഷ. മക്കൾ: ജസ്റ്റിൻ, ജസ്റ്റസ്.
ജോലിസ്ഥലത്തുവെച്ചുണ്ടായ അപകടമരണമായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ താമസമുണ്ടായെങ്കിലും സാമൂഹിക പ്രവർത്തകനും അൽ അഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനറുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ ഇടപെടൽകൊണ്ട് മരണം സംഭവിച്ച ഒരാഴ്ചക്കകംതന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു.
അൽ അഹ്സ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽനിന്നും സാമുവലിന്റെ മൃതദേഹം പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നവാസ് കൊല്ലം, ഉമർ കോട്ടയിൽ, ബാബു തേഞ്ഞിപ്പലം, ഉണ്ണികൃഷ്ണൻ, സത്താർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വരമ്പൂർ പെന്തക്കോസ്റ്റ് മിഷൻ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ചെറുവല്ലൂർ സഭാ സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

