സൗദിയിൽ സമസ്‌ത സംഘടനകൾക്ക് ഒറ്റ നാമം: സമസ്‌ത ഇസ്‌ലാമിക് സെൻറർ
text_fieldsമദീന: സൗദിയിൽ വിവിധ പേരുകളിൽ പ്രവർത്തിച്ചിരുന്ന സമസ്‌തയുടെ സംഘടനകൾ ഇനി ഒരു പേരിൽ അറിയപ്പെടും. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങൾക്കനുസരിച്ച് സൗദിയിൽ പ്രവർത്തിച്ചു വന്നിരുന്ന എസ്.വൈ.എസ്, എസ്.കെ.ഐ.സി സംഘടനകളെ ഏകോപിപ്പിച്ച് സമസ്‌ത ഇസ്‌ലാമിക് സെൻറർ (എസ്.ഐ.സി) എന്ന പേരിൽ ഒറ്റ സംഘടനയാക്കാനുള്ള സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ തീരുമാനം മദീനയിൽ നടന്ന നേതൃസംഗമത്തിൽ സമസ്‌ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാർ പ്രഖ്യാപിച്ചു. ഇതോടെ ഇനി മുതൽ സമസ്‌ത ഇസ്‌ലാമിക് സെൻറർ മാത്രമായിരിക്കും സൗദി അറേബ്യയിലെ സമസ്‌തയുടെ അംഗീകൃത ഘടകം. വ്യത്യസ്‌ത പേരുകളിൽ പ്രവർത്തിച്ചു വന്നിരുന്ന സംഘടനകൾ പ്രഖ്യാപനത്തോടെ പ്രവർത്തന രഹിതമാകുകയും സമസ്‌ത ഇസ്‌ലാമിക് സെൻറർ എന്ന ഘടനയിലേക്ക് മാറുകയും ചെയ്യും. മറ്റു രാഷ്‌ട്രങ്ങളിൽ പ്രവർത്തിക്കുന്ന സമസ്‌തയുടെ വിവിധ സംഘടനകളും ഭാവിയിൽ സമസ്‌തയുടെ കീഴിൽ ഒറ്റ സംഘടനയായി മാറും. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ തൊണ്ണൂറാം വാർഷിക സമ്മേളനത്തിെൻറ ഭാഗമായി ആലപ്പുഴയിൽ നടന്ന പ്രവാസി സംഗമത്തിലാണ് സമസ്‌തയുടെയും പോഷക സംഘനകളുടെയും കീഴിൽ വിദേശ രാഷ്‌ട്രങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളെ ഏകോപിപ്പിച്ച് ഒറ്റ സംഘടനയെന്ന നിർദേശമുയർന്നത്.
സമസ്‌ത ഇസ്‌ലാമിക് സെൻറർ സൗദി ദേശീയ കമ്മിറ്റി ഭാരവാഹികളെയും പ്രവർത്തക സമിതി അംഗങ്ങളെയും ആലിക്കുട്ടി മുസ്‌ല്യാർ പ്രഖ്യാപിച്ചു. ഭരണഘടന, മെമ്പർഷിപ്പ്, തെരഞ്ഞെടുപ്പ് സമയക്രമം എന്നിവ സമസ്‌ത കേന്ദ്ര മുശാവറ അംഗീകരിച്ചു നൽകും. മദീനയിലെ വർദത്തു ഇല്യാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ആലിക്കുട്ടി മുസ്‌ല്യാർ ഉദ്ഘാടനം ചെയ്‌തു. സമസ്‌ത കേന്ദ്ര മുശാവറ അംഗം എ.വി അബ്‌ദുറഹ്‌മാൻ മുസ്‌ല്യാർ അധ്യക്ഷത വഹിച്ചു. ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, സൈനുൽ ആബിദ് തങ്ങൾ, അലവിക്കുട്ടി ഒളവട്ടൂർ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, അബൂബക്കർ ഫൈസി ചെങ്ങമനാട്, ഓമാനൂർ അബ്‌ദുറഹ്‌മാൻ മൗലവി, അറക്കൽ അബ്‌ദുറഹ്‌മാൻ മൗലവി, സുബൈർ ഹുദവി കൊപ്പം, സൈദ്ഹാജി മൂന്നിയൂർ തുടങ്ങിയവർ സംസാരിച്ചു. മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി മാസ്‌റ്റർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
