സമസ്ത ഇസ്ലാമിക് സെന്റർ അംഗത്വ കാമ്പയിന് തുടക്കമായി
text_fieldsഎസ്.ഐ.സി മെംബർഷിപ് കാമ്പയിൻ സൗദി നാഷനൽ തല ഉദ്ഘാടനം ബുറൈദയിൽ
അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സൗദി പ്രവാസി സംഘടനയായ സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി മെംബർഷിപ് കാമ്പയിന് തുടക്കമായി. ഡിസംബർ ഒന്ന് മുതൽ ജനുവരി 31 വരെ രണ്ടുമാസം നീളുന്ന മെംബർഷിപ് കാമ്പയിന് ശേഷം വിവിധ ഏരിയ, സെൻട്രൽ, പ്രവിശ്യ, നാഷനൽ തല പുതിയ കമ്മിറ്റികൾ നിലവിൽ വരും. മദീനയിൽ നടന്ന 'മദീന മീറ്റി'ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ദ്വൈമാസ മെംബർഷിപ് കാമ്പയിൻ പ്രഖ്യാപിച്ചത്.
മെംബർഷിപ് കാമ്പയിൻ സൗദി നാഷനൽ തല ഉദ്ഘാടനം ബുറൈദയിൽ നടന്നു. എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ ഫൈസി അധ്യക്ഷത വഹിച്ചു. എൻജി. ബഷീർ ഹാജി പ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി ദഅവ വിങ് ചെയർമാൻ റഷീദ് ദാരിമി സ്വാഗതവും ബുറൈദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ. ഹസീബ് നന്ദിയും പറഞ്ഞു.

