മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി സലിം കോയക്കുട്ടി മടങ്ങുന്നു; കരുണയുടെ കൈയൊപ്പ് പതിപ്പിച്ച് ഒരു യാത്രാമൊഴി
text_fieldsസലിം കോയക്കുട്ടി
യാംബു: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പ്രവാസത്തിന് വിരാമമിട്ട് കൊല്ലം കരുനാഗപ്പള്ളി സ്വദേശി വെളിയിൽ സലിം കോയക്കുട്ടി നാട്ടിലേക്ക് മടങ്ങുന്നു. യാംബുവിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, 1995ലാണ് സൗദി അറേബ്യയിൽ എത്തിയത്. പൊതുമേഖല സ്ഥാപനമായ കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെ.എം.എം.എൽ) സേവനമനുഷ്ഠിച്ച ശേഷമാണ് സലിം പ്രവാസത്തിലേക്ക് ചുവടുവെച്ചത്. യാംബുവിലെ ക്രിസ്റ്റൽ ടൈറ്റാനിയം കമ്പനിയിൽ (നിലവിൽ ട്രോണോക്സ്) സീനിയർ സ്റ്റാഫായി ദീർഘകാലം ജോലി ചെയ്തു.
ഔദ്യോഗിക തിരക്കുകൾക്കിടയിലും സഹജീവികളെ സഹായിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. ട്രോണോക്സ് മലയാളി അസോസിയേഷന്റെ പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം, കമ്പനിയിലെ മലയാളി ജീവനക്കാരെ ഏകോപിപ്പിക്കുന്നതിലും അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കോവിഡ് പ്രതിസന്ധിയിൽ പ്രവാസികൾ ദുരിതത്തിലായപ്പോൾ ‘ഗൾഫ് മാധ്യമവും’ ‘മീഡിയവൺ’ ചാനലും സംയുക്തമായി സംഘടിപ്പിച്ച ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ പദ്ധതിയിൽ അദ്ദേഹം വലിയ പിന്തുണ നൽകി. അഞ്ചു പേർക്ക് നാട്ടിലെത്താനുള്ള വിമാന ടിക്കറ്റുകൾ നൽകിക്കൊണ്ടാണ് അന്ന് അദ്ദേഹം മാതൃകയായത്.
നീണ്ട കാലത്തെ യാംബു ജീവിതം വഴി ലഭിച്ച സൗഹൃദങ്ങൾ വലിയ സന്തോഷമാണ് നൽകുന്നതെന്നും ജീവിതത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യരുമായി ഇടപെടാനും അവരെ മനസിലാക്കാനും സാധിച്ചത് വലിയ സൗഭാഗ്യമായി കരുതുന്നുവെന്നും വി.കെ. സലിം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
യാംബു റദ്വ ഇൻറർനാഷനൽ സ്കൂൾ മുൻ അധ്യാപികയായ ഭാര്യ റിസാനത്തിനൊപ്പമാണ് അദ്ദേഹം മടങ്ങുന്നത്. മക്കളായ അലീന (എം.ബി.ബി.എസ് വിദ്യാർഥിനി), അദീന (എൻ.ഐ.ടി കോഴിക്കോട് വിദ്യാർഥിനി) എന്നിവർ പ്ലസ് ടു വരെ യാംബുവിലായിരുന്നു. അടുത്ത ദിവസം അദ്ദേഹവും ഭാര്യയും നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

