പ്രവാസത്തോട് വിടചൊല്ലി സലീം ചാലിയം
text_fieldsസലിം ചാലിയം
റിയാദ്: റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ അധ്യാപകനും പ്രമുഖ കലാ-സാംസ്കാരിക പ്രവർത്തകനുമായ സലീം ചാലിയം 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ദീർഘകാലത്തെ അധ്യാപന വൃത്തിയോട് വിടപറയുന്ന അദ്ദേഹം ബിസിനസ് മേഖലയിൽ പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ്. പ്രൊഡക്റ്റ് ട്രെയിനിങ്, മാർക്കറ്റിങ് എന്നീ മേഖലകളായിരിക്കും അടുത്ത തട്ടകമെന്ന് സലീം വ്യക്തമാക്കി.
അറബിക്, ഇംഗ്ലീഷ്, സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം നിലവിൽ എം.ബി.എ പഠനം നടത്തിവരികയാണ്.അക്ഷരമുറ്റത്തോട് വിടപറയുമ്പോൾ പഠന ബോധന ചുറ്റുപാടുകളെ കുറിച്ചുള്ള നിരീക്ഷണങ്ങൾ അദ്ദേഹം പങ്കുവെച്ചു. പുതിയ വിദ്യാഭ്യാസ നയങ്ങൾ വിദ്യാർത്ഥി കേന്ദ്രീകൃതമായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും, ഗൾഫ് സ്കൂളുകളിൽ അക്കാദമിക് സമ്മർദ്ദം മൂലം കുട്ടികളുടെ കലാ-സാഹിത്യ വാസനകൾ പ്രോത്സാഹിപ്പിക്കാൻ അവസരം കുറവാണെന്ന യാഥാർത്ഥ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപനത്തോടൊപ്പം തന്നെ അവതാരകൻ, എഴുത്തുകാരൻ, കലാകാരൻ എന്നീ നിലകളിലും സലീം സജീവമായിരുന്നു. കോളജ് കാലം മുതൽ റേഡിയോ, ടെലിവിഷൻ രംഗത്തുള്ള താൽപര്യം വരുംകാലങ്ങളിലും തുടരാനാണ് തീരുമാനം.
സാമൂഹിക രംഗത്തും സജീവമായ സലീം ചാലിയം കെ.എം.സി.സി ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡൻറ്, കെ.എം.സി.സി കോഴിക്കോട് സാഹിതി ചെയർമാൻ, കസവ് കലാവേദി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ എക്സിക്യൂട്ടീവ് മെമ്പറായും അതിന് കീഴിലെ ദാറുൽ ഖുർആൻ മദ്രസ പ്രിൻസിപ്പലായും 10 വർഷത്തിലധികമായി സേവനമനുഷ്ഠിക്കുന്നുണ്ട്. മേയ് ആദ്യവാരത്തിൽ നാട്ടിലേക്ക് മടങ്ങുമെന്ന് സലീം ചാലിയം അറിയിച്ചു. 2019-ൽ ആദ്യ ഭാര്യ ഇസാറത്തിെൻറ വിയോഗമാണ് ജീവിതത്തിൽ തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ബീരാൻ കോയ - ആയിശ ബീവി ദമ്പതികളുടെ മകനായ സലിം കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പിലാണ് താമസം. ഭാര്യ ഷിഫ്ന. ആയിശ നിബ, അസീം അഹ്മദ്, ബാസിം സലിം എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

