കാൽപന്ത് കളിച്ചും കളി പറഞ്ഞും ഒടുവിൽ സാലിഹ് കൂട്ടിലങ്ങാടി മടങ്ങുന്നു
text_fieldsസാലിഹ് കൂട്ടിലങ്ങാടി, മീഡിയവൺ ടൂർണമെന്റ് കമ്മിറ്റിയുടെ സ്നേഹോപഹാരം സ്വീകരിക്കുന്നു (ഫയൽ ചിത്രം)
റിയാദ്: റിയാദിന്റെ പ്രവാസ ഫുട്ബാൾ കളിത്തട്ടുകളിൽ ചടുലമായ വാഗ്ധോരണി കൊണ്ട് പതിറ്റാണ്ടുകാലം കളിയാവേശം പകർന്ന സാലിഹ് കൂട്ടിലങ്ങാടി പ്രവാസത്തോട് വിട പറയുന്നു. സെവൻസ് ഫുട്ബാളിന്റെ പറുദീസയായ മലപ്പുറത്തുനിന്ന് 17 വർഷംമുമ്പ് സൗദിയിലെത്തിയ സാലിഹ് ഏതാനും വർഷം ജിദ്ദയിലും പിന്നീട് റിയാദിലും ഫുട്ബാൾ കളിച്ചും കളി പഠിപ്പിച്ചും അനൗൺസ്മെന്റ് ചെയറിൽ നീണ്ടകാലം പ്രവർത്തിച്ചും തൽക്കാലം നാട്ടിലേക്ക് മടങ്ങുകയാണ്.
റിഫ, കെ.എം.സി.സി, പ്രവാസി, മീഡിയവൺ തുടങ്ങി ഒട്ടേറെ പ്രമുഖ ടൂർണമെന്റുകൾക്ക് ഹൃദ്യമായ ഭാഷയിലും സ്വരത്തിലും അവതാരകനായി അദ്ദേഹം ഫുട്ബാൾ പ്രേമികൾക്കിടയിൽ നിലകൊണ്ടു. സൗദി ബിൻ ലാദൻ, സൗദി ഇലക്ട്രിസിറ്റി എന്നീ കമ്പനികളിലായിരുന്നു ആദ്യം ജോലിചെയ്തത്. ഇപ്പോൾ 11 വർഷമായി ഡെൽ മോണ്ടെ ഫുഡ് കമ്പനിയിൽ വെയർ ഹൗസ് സൂപ്പർവൈസറായിരിക്കെയാണ് ജോലിയിൽനിന്നും വിരമിക്കുന്നത്. ജിദ്ദയിലും റിയാദിലും കെ.എം.സി.സിയിൽ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. അതോടൊപ്പം കായികമേഖലയിലും സജീവമായിരുന്നു. ഇപ്പോൾ കെ.എം.സി.സി ന്യൂസനാഇയ്യ ഏരിയ ജനറൽ സെക്രട്ടറിയും മങ്കട മണ്ഡലം സെക്രട്ടറിയുമാണ്. റിഫ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പറും ന്യൂസനാഇയ്യ പ്രവാസി എഫ്.സി ഭാരവാഹിയും മലപ്പുറം ജില്ല കെ.എം.സി.സി സ്പോർട്സ് വിങ് ‘സ്കോറി’ന്റെ ടെക്നിക്കൽ കമ്മിറ്റി അംഗവുമാണ്.
ചെറുപ്പം മുതൽ കളിച്ചും കളിപറഞ്ഞും ശീലിച്ച ഇന്നലെകളാണ് പ്രവാസത്തിലും ഈ രംഗത്ത് ചുവടുറപ്പിക്കാൻ ആവേശം നൽകുന്നത്. മാത്രവുമല്ല സ്പോർട്സ് എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്നതിലും സ്നേഹവും സൗഹൃദവും പങ്കുവെക്കുന്നതിലും വലിയൊരു ഇടമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുകാലം വിശ്രമിക്കുവാനും വ്യക്തിപരമായ ചില ജോലികൾ ചെയ്തുതീർക്കുവാനുമാണ് തൽക്കാലം പ്രവാസം അവസാനിപ്പിക്കുന്നത്.
തനിച്ചാണ് നാം വരുന്നതെങ്കിലും വലിയൊരു സൗഹൃദവൃന്ദം തന്നെ ലഭിക്കുന്നുവെന്നതാണ് പ്രവാസത്തിലെ മിച്ചമെന്നും കലാകായിക സാമൂഹിക കൂട്ടായ്മകൾ എന്തുവില കൊടുത്തും പ്രവാസി സമൂഹം നിലനിർത്തണമെന്നും കൂട്ടിലങ്ങാടി ചെലൂർ സ്വദേശിയായ സാലിഹ് പറയുന്നു. റിസ്നയാണ് ഭാര്യ. മക്കൾ: മിൻഹ, മെഹ്സ, മെഹ്റിഷ്. സാലിഹ് കൂട്ടിലങ്ങാടിയുടെ സേവനം റിയാദിലെ ഫുട്ബാളിന് മറക്കാനാവില്ലെന്ന് റിയാദ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ബഷീർ ചെലേമ്പ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

