സകാക്കയിൽ റുത്തബ് ഈന്തപ്പഴ മേളക്ക് സമാപനം: മികച്ച കർഷകർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsസകാക്ക: അമീർ അബ്ദുൽ ഇലാഹ് കൾച്ചറൽ സെൻററിൽ നാല് ദിവസങ്ങളിലായി നടന്നുവന്ന മൂന്നാമത് സകാക്ക റുത്തബ് (പച്ച ഈന്തപ്പഴം) മേളക്ക് പ്രൗഢോജ്ജ്വല സമാപനം. വൈവിധ്യമാർന്ന വിനോദ-ബോധവൽക്കരണ പരിപാടികളോടെ സംഘടിപ്പിച്ച മേളയുടെ സമാപന സമ്മേളനത്തിൽ പങ്കാളികളായ സ്ഥാപനങ്ങളെ ആദരിക്കുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സ്വദേശികളും വിദേശികളുമടക്കം വൻ ജനപങ്കാളിത്തം ദൃശ്യമായ മേളയിൽ 40 കർഷകരും 22 പ്രാദേശിക ഉൽപാദക കുടുംബങ്ങളും അണിനിരന്നു. വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെയും കാർഷിക സഹകരണ സംഘങ്ങളുടെയും സജീവ പങ്കാളിത്തവും മേളയുടെ മാറ്റുകൂട്ടി.
ഏറ്റവും ഭാരമേറിയ ഈന്തപ്പഴക്കുല തെരഞ്ഞെടുക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ 65 കിലോഗ്രാമിലേറെ തൂക്കമുള്ള ഈന്തപ്പഴക്കുലയുമായി കർഷകനായ മുനീഫ് അൽ സർഹാനി ഒന്നാം സ്ഥാനം സ്വന്തമാക്കി. 63 കിലോഗ്രാം തൂക്കമുള്ള കുലയുമായി അബ്ദുൽ മലിക് അൽ സർഹാനി രണ്ടാം സ്ഥാനവും, 42 കിലോഗ്രാം തൂക്കമുള്ള കുലയുമായി ഉവൈദ അൽ ഫഹീഖി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മേളയുടെ മൂന്നാം പതിപ്പ് വൻ വിജയമാക്കാൻ സഹകരിച്ച വിവിധ സർക്കാർ-സ്വകാര്യ ഏജൻസികൾ, ഉൽപാദക കുടുംബങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ മുൻനിർത്തി ചടങ്ങിൽ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

