സാജെക്സ് 2025; ഇന്ത്യ-സൗദി സംയുക്ത ജ്വല്ലറി എക്സ്പോ, സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ ജിദ്ദ സൂപ്പർ ഡോമിൽ
text_fieldsജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാന് സൂരി 'സാജെക്സ് 2025'; ഇന്ത്യ-സൗദി സംയുക്ത ജ്വല്ലറി എക്സ്പോയെക്കുറിച്ചു വിവരിക്കുന്നു
ജിദ്ദ: സ്വര്‍ണ, രത്നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകര്‍ക്കും ഉൽപാദകര്‍ക്കുമായി ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷന് കൗണ്‍സില്‍ (ജി.ജെ.ഇ.പി.സി), ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെ ജിദ്ദ ഇന്ത്യൻ കോൺസലേറ്റ് സംഘടിപ്പിക്കുന്ന വിപുലമായ ആഗോള എക്സിബിഷന് സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ നടക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാന് സൂരി അറിയിച്ചു.
'സാജെക്സ് 2025' എന്ന പേരില്‍ ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ബിടുബി പ്രദർശനത്തിൽ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജ്വല്ലറി ഉൽപാദകര്, ഡിസൈനര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങി 200 ഓളം സ്ഥാപനങ്ങൾ പങ്കെടുക്കും. വിവിധ ആഭരണങ്ങളുടെ അപൂർവ ശേഖരണം പ്രദർശനത്തിൽ ഉണ്ടാവും. പ്രദർശനത്തിന്റെ ആദ്യ ദിവസമായ സെപ്റ്റംബർ 11 ന് ജി.ജെ.ഇ.പി.സിയും സൗദി അറേബ്യയിലെ നിക്ഷേപ മന്ത്രാലയവും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 'ആഗോള ആഭരണ നിക്ഷേപ സമ്മേളനം' നടക്കും. പ്രമുഖരുടെ പ്രഭാഷണങ്ങളും, ബിസിനസ് പങ്കാളിത്ത യോഗങ്ങളും പ്രദർശനത്തോടനുബന്ധിച്ച് നടക്കും.
ആഗോള ജ്വല്ലറി വ്യവസായികളെ ലക്ഷ്യമിട്ട് ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ 'സാജെക്സ് 2025' പ്രദർശനം പുതിയ ഉണർവേകും എന്ന് പ്രതീക്ഷിക്കുന്നതായി കോൺസൽ ജനറൽ പറഞ്ഞു. ബിസിനസ് അവസരങ്ങൾ, നവീകരണം, ആഗോള സഹകരണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിന് പ്രദർശനം കാരണമാവും. വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങളുടേയും രത്നാഭരണങ്ങളുടേയും പ്രദര്‍ശനം, ആഭരണ വ്യവസായ രംഗത്തെ സാങ്കേതിക വിദ്യകള്‍ എന്നിവയും പ്രദർശനത്തിൽ ഒരുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജ്വല്ലറി ഉൽപാദകര്, ഡിസൈനര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവരെ ഒരു കുടക്കീഴില് ഒരുമിപ്പിക്കുന്ന ജ്വല്ലറി ബിസിനസ് രംഗത്തെ ലോകത്തെ ഏറ്റവും വലിയ ബി.ടു.ബി എക്സിബിഷനുകളിലൊന്നായിരിക്കും 'സാജെക്സ് 2025'. പ്രദർശനം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://registration.gjepc.org/login.php എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

