'സാജെക്‌സ് 2025'; ഇന്ത്യാ-സൗദി വ്യാപാരബന്ധം ഊട്ടിഉറപ്പിച്ച് ജിദ്ദയിൽ നടന്ന മൂന്ന് ദിന സംയുക്ത ജ്വല്ലറി പ്രദര്‍ശനം ശ്രദ്ധേയമായി
text_fieldsജിദ്ദ: ഇന്ത്യാ-സൗദി വ്യാപാരബന്ധം ഒരിക്കൽ കൂടി ഊട്ടിഉറപ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങളുടെയും സംയുക്ത ജ്വല്ലറി പ്രദര്‍ശനം മൂന്ന് ദിവസങ്ങളിലായി ജിദ്ദയിൽ നടന്നു. 'സാജെക്‌സ് 2025' എന്ന പേരിൽ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രോമോഷന്‍ കൗണ്‍സില്‍ (ജി.ജെ.ഇ.പി.സി), ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച പ്രദർശനം സെപ്തംബർ 11, 12, 13 തീയതികളിൽ ജിദ്ദ സൂപ്പര്‍ ഡോമിൽ ആണ് നടന്നത്. ഇൻവെസ്റ്റ് സൗദി, ജിദ്ദ, മക്ക ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് എന്നിവരും പ്രദർശനത്തിന് പിന്തുണ നൽകി.
പ്രദർശന ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സംസാരിക്കുന്നു
സൗദി വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിലെ വ്യാവസായിക നിക്ഷേപത്തിനായുള്ള അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി എൻജിനീയർ ഫഹദ് അൽ ജുബൈരി, ഡിസൈനറും സംരംഭകയും നൂൻ ജ്വൽസ് സ്ഥാപകയുമായ അമീറ നൂറ അൽഫൈസൽ, നിക്ഷേപ മന്ത്രാലയത്തിലെ ജനറൽ മാനേജർ ഖാലിദ് എ. അൽഷെദ്ദി, നിക്ഷേപ മന്ത്രാലയത്തിലെ ഡയറക്ടർ അഹമ്മദ് അൽജുറയാൻ, സൗദി ജനറൽ അതോറിറ്റി ഓഫ് ഫോറിൻ ട്രേഡ് ഡയറക്ടർ ഫലേഹ് അൽമുതൈരി; ജിദ്ദ, മക്ക, റിയാദ് എന്നിവിടങ്ങളിലെ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ്, ജിദ്ദ ഗോൾഡ് കൗൺസിൽ, സൗദി, ഇന്ത്യൻ ബിസിനസ് പ്രമുഖർ, നയതന്ത്ര പ്രതിനിധികൾ, റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ജി.ജെ.ഇ.പി.സി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ജി.ജെ.ഇ.പി.സി ചെയർമാൻ കിരിത് ഭൻസാലി, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പ്രദർശനത്തിൽ നിന്ന്
ബിസിനസ് ടു ബിസിനസ് രീതിയിൽ നടന്ന പ്രദർശനത്തിൽ ഇന്ത്യ, സൗദി, യു.എ.ഇ, ഹോങ്കോംഗ്, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജ്വല്ലറി ഉല്‍പ്പാദകര്‍, ഡിസൈനര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങി 200 ഓളം പ്രദര്‍ശകരും 2000ത്തിലധികം വ്യാപാരികളും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭരണ വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ സാധ്യതകൾ തുറന്ന പ്രദർശനത്തിൽ ആഗോള ആഭരണ നിക്ഷേപ സമ്മേളനമായിരുന്നു പ്രധാന ആകര്‍ഷണം.
ആഭരണ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ആഴത്തിലുള്ള ചർച്ചകൾക്ക് സമ്മേളനം വേദിയൊരുക്കി. മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, വിദഗ്ധർ എന്നിവർ പങ്കെടുത്ത ചർച്ചകളിൽ ഇന്ത്യയുടെ 'വികസിത് ഭാരത് 2047' കാഴ്ചപ്പാടും സൗദിയുടെ 'വിഷൻ 2030' ഉം തമ്മിലുള്ള പൊരുത്തങ്ങൾ ഊന്നിപ്പറഞ്ഞു. ഈ സഹകരണം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചക്ക് എങ്ങനെ സഹായകമാകുമെന്നും ചർച്ചകൾ വിലയിരുത്തി. ഇന്ത്യൻ ഡിസൈനർ അഷ്‌ഫാഖ് ആൻഡ് ടീം സൗദി പങ്കാളികളുമായി സഹകരിച്ച് അവതരിപ്പിച്ച ജ്വല്ലറി-അപ്പാരൽ ഫാഷൻ ഷോ, ഇന്ത്യയിൽ നിന്നെത്തിയ 'വിഹാര' സംഘത്തിന്റെ സംഗീത പരിപാടി എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

