സൗദിയിൽ പ്രതീക്ഷ നൽകുന്ന വിളയായി കുങ്കുമപ്പൂവ്
text_fieldsറിയാദ്: സൗദിയിൽ പ്രതീക്ഷ നൽകുന്ന വിളയായി കുങ്കുമപ്പൂവ് കൃഷി. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നായ ‘റെഡ് ഗോൾഡ്’ എന്നറിയപ്പെടുന്ന കുങ്കുമപ്പൂവ് ഉൽപാദിപ്പിക്കുന്ന 25ലധികം ഫാമുകൾ ഇപ്പോൾ സൗദിയിലുണ്ടെന്നാണ് കണക്ക്. ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഹോർട്ടികൾചറൽ സയൻസിന്റെ കണക്കനുസരിച്ച് ഈ ഫാമുകളിൽ നിന്നുള്ള പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രാദേശിക വിപണികളിൽ വലിയ ഡിമാൻഡാണ്.
ഇതോടെ സൗദിയിലെ കാർഷിക മേഖല കുങ്കുമപ്പൂവിന്റെ കൃഷിയും പ്രാദേശികവത്കരിക്കാനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. റിയാദ്, ഖസിം, തബൂക്ക്, അൽബാഹ എന്നിവ സുഗന്ധമുള്ള രുചിയും ഒന്നിലധികം പാചക ഉപയോഗങ്ങളും ഉള്ള കുങ്കുമം ഉൽപാദിപ്പിക്കാൻ അനുയോജ്യമായ പ്രദേശങ്ങളാണെന്ന് കാർഷിക അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിൽ 25ലധികം കുങ്കുമപ്പൂവ് ഫാമുകൾ ഉണ്ടെന്നും ഓരോ മേഖലയിലും ശരാശരി ഒന്ന് മുതൽ മൂന്ന് വരെ ഫാമുകൾ ഉണ്ടെന്നും ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഹോർട്ടികൾചറൽ സയൻസസിലെ അംഗമായ പ്രഫസർ മഹ്മൂദ് ശറഫ് അൽദീൻ പറഞ്ഞു. ഒരു ഗ്രാമിന്റെ വില പ്രാദേശികമായി ഏകദേശം 15 മുതൽ 35 റിയാലിന് വിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര കുങ്കുമപ്പൂവിന്റെ ആവശ്യകത വർധിധിച്ചുകൊണ്ടിരിക്കുകയാണ്. വിളയുടെ ഭൂരിഭാഗവും ഓൺലൈൻ സ്റ്റോറുകൾ, ഔഷധസസ്യ കടകൾ, പലചരക്ക് കടകൾ എന്നിവയിലൂടെയാണ് വിപണനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിലും പ്രായോഗിക കാർഷിക ഗവേഷണം വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദേശീയ കാർഷിക പദ്ധതിയുടെ ഭാഗമായി സൗദി കുങ്കുമപ്പൂവിന്റെ ഉൽപാദനം പ്രാദേശികവൽക്കരിക്കുന്നതിനും ഇരട്ടിയാക്കുന്നതിനുമായി പദ്ധതി കാർഷിക വകുപ്പ് ആരംഭിച്ചിട്ടുണ്ട്. റിയാദ്, ഖാസിം, തബൂക്ക്, അൽബാഹ എന്നീ നാല് പ്രധാന മേഖലകളിലാണ് കുങ്കുമപ്പൂവ് ഉൽപാദനം പ്രാദേശികവൽക്കരിക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.
ചെടികളുടെ സാന്ദ്രത, നടീൽ ആഴം, ജലസേചന വെള്ളത്തിന്റെയും മണ്ണിന്റെയും ലവണാംശം, ഹൈഡ്രോപോണിക്, ലംബ കൃഷി എന്നിവയ്ക്കുള്ള പോഷക പരിഹാരങ്ങൾ തുടങ്ങിയ ചില ഘടകങ്ങളുടെ സ്വാധീനം കുങ്കുമപ്പൂ ഉൽപാദനത്തിൽ വിലയിരുത്തുന്നതിനു പുറമെ പൂക്കളുടെ ഉൽപാദനത്തിന് ഏറ്റവും അനുയോജ്യമായ നടീൽ തീയതികൾ നിർണയിക്കുക, ഉചിതമായ വളങ്ങൾ തിരഞ്ഞെടുക്കുക തുടങ്ങി ഈ പൂക്കളുടെ ഉൽപാദനത്തെ ബാധിക്കുന്ന നിരവധി വശങ്ങൾ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതാണ് പദ്ധതി.
സാമ്പത്തികമായി മികച്ച ഒരു വിളയാണ് കുങ്കുമപ്പൂവ്. അതിന്റെ ഉൽപാദനം ഇരട്ടിയാക്കാൻ ശ്രമിക്കുന്നുവെങ്കിലും അതിന്റെ കൃഷിയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സൗദിയുടെ കാർഷിക ഉൽപാദന സമ്പ്രദായത്തിൽ സംയോജിപ്പിക്കുന്നതിനും വിപുലമായ ശാസ്ത്രീയ ഗവേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നാണ് കൃഷി രംഗത്തുള്ളവരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

