ഹജ്ജ് തീർഥാടകരുടെ സുരക്ഷ; എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കും -സൗദി പൊതുസുരക്ഷ മേധാവി
text_fieldsസൗദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി ഹജ്ജ് ഉംറ ഉച്ചകോടിയിൽ
സംസാരിക്കുന്നു
ജിദ്ദ: ഹജ്ജ് സീസണിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ ഒഴിവാക്കാൻ എല്ലാ സർക്കാർ വകുപ്പുകളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രവർത്തിക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. ഹജ്ജ് ഉംറ ഉച്ചകോടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉണ്ടായേക്കാനിടയുള്ള അപകടസാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി രേഖപ്പെടുത്തി കൈകാര്യം ചെയ്യും.
സമീപ വർഷങ്ങളിൽ സ്റ്റേറ്റ് സെക്യൂരിറ്റി, നാഷനൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, ജനറൽ ഇൻറലിജൻസ് എന്നിവയുമായി ചേർന്ന് ഒരു സംഘം സുരക്ഷ വിദഗ്ധരെ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് വേളയിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഓരോ നിമിഷവും പിന്തുടരുന്ന വിപുലമായ ഓപറേഷൻ റൂമിലൂടെയാണ് സുരക്ഷവിഭാഗം ചെയ്യുന്നത്. ദൈവത്തിന്റെ അതിഥികളുടെ സമാധാനത്തിനും സുരക്ഷക്കും ഭംഗം വരുത്തുന്ന ഒന്നും കഴിഞ്ഞ വർഷങ്ങളിൽ കണ്ടിട്ടില്ലെന്നും പൊതുസുരക്ഷ ഡയറക്ടർ പറഞ്ഞു.
ഹജ്ജ് സീസൺ അവസാനിച്ചതിനുശേഷം കഴിഞ്ഞ വർഷങ്ങളിൽ എന്താണ് ചെയ്തതെന്നും വരും വർഷങ്ങളിൽ നമുക്ക് മെച്ചപ്പെടുത്താൻ കഴിയുന്ന കാര്യങ്ങൾ കണക്കിലെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ശിൽപശാലകളിൽ പങ്കെടുക്കുന്നുണ്ട്.
ഹജ്ജ് വേള പോലുള്ള പരിതസ്ഥിതികളിൽ പ്രവർത്തിക്കുന്നതിന് ദ്രുതഗതിയിലുള്ള ഇടപെടൽ ആവശ്യമാണ്. ദൈവത്തിന്റെ വിശുദ്ധ ഭവനത്തിലെ തീർഥാടകരുടെ സമാധാനത്തിന് ഭംഗം വരുത്തുന്ന എന്തും തടയാൻ ഞങ്ങൾ പരമാവധി പ്രവർത്തിക്കുന്നു. ഗതാഗതം, ഉപജീവനം, പാർപ്പിടം, ഊർജം, മറ്റ് കാര്യങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ എല്ലാ സേവന ഏജൻസികളുമായും യോജിക്കുന്നുവെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
ഹജ്ജ് പെർമിറ്റ് നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അൽബസ്സാമി ചൂണ്ടിക്കാട്ടി. ചെക്ക്പോസ്റ്റുകൾ മുറിച്ചുകടക്കുന്ന നിയമലംഘകരായ തീർഥാടകരെയും മക്കയിൽ താമസിക്കുന്നവരും ഹജ്ജ് നിർവഹിക്കാൻ അനുമതിപത്രം നേടാത്തവരുമായ ആളുകളെയും തടയും.
കൂടാതെ നഗരങ്ങളുടെ എക്സിറ്റുകൾ, മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ, പുണ്യസ്ഥലങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണമുണ്ട്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥരോട് എല്ലാവരും സഹകരിക്കണമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

