ഖൈറാനിൽ സുരക്ഷ പരിശോധന; 467 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമലംഘനങ്ങളും, പിടികിട്ടാ പുള്ളികളെയും പിടികൂടാൻ ഡ്രോണുകളും, മാനവവിഭവ ശേഷി മന്ത്രാലയവുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന പുത്തൻ പട്രോളിങ് വാഹനവുമടക്കം നിരത്തുകളിൽ സജീവമാണ്.
കഴിഞ്ഞ ദിവസം ഖൈറാനിൽ നടന്ന സുരക്ഷാപരിശോധനയിൽ 467 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ കുറ്റകൃത്യങ്ങളിലായി 10 പേരെ അറസ്റ്റുചെയ്തു. അറസ്റ്റ് വാറന്റുള്ള ഒരാൾ, താമസ നിയമങ്ങൾ ലംഘിച്ചതിന് മറ്റൊരാൾ, ലൈസൻസില്ലാത്ത മൂന്നു പേർ എന്നിവർ പിടിയിലായി. ഇരുപതോളം വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്ത് കസ്റ്റഡി യാർഡിലേക്ക് മാറ്റി.നിയമവാഴ്ച ഉറപ്പാക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്, ജനറൽ എമർജൻസി പൊലീസ് ഡിപ്പാർട്മെന്റ്, ജനറൽ സെക്യൂരിറ്റി സിസ്റ്റംസ് ഡിപ്പാർട്മെന്റ് എന്നിവ പരിശോധനയുടെ ഭാഗമായി.
എല്ലാ ഗവർണറേറ്റുകളിലും തീവ്ര സുരക്ഷ, ഗതാഗത പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കൽ ലക്ഷ്യമിട്ടാണ് പരിശോധനയെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

