സഫ മക്ക-കേളി മെഗാ ക്രിക്കറ്റ് ടൂർണമെൻറ് കൂപ്പൺ നറുക്കെടുപ്പ് സമ്മാന വിതരണം
text_fieldsകൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനാർഹനായ സബാജ് എം. ജേക്കബിന് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം. സാദിഖും സെക്രട്ടറി സുരേഷ് കണ്ണപുരവും ചേർന്ന് സമ്മാനം കൈമാറുന്നു
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ ‘സഫ മക്ക-കേളി മെഗാ ക്രിക്കറ്റ് 2022’നോടനുബന്ധിച്ച് നടന്ന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. ജോയൻറ് സെക്രട്ടറി മധു ബാലുശ്ശേരി ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻറ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. ഫോർ ജി.സി സപ്പോർട്ടിങ് ടീം നൽകിയ ഒന്നാം സമ്മാനം 32 ഗ്രാം സ്വർണനാണയം വിജയി സബാജ് എം. ജേക്കബിന് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം. സാദിഖും സെക്രട്ടറി സുരേഷ് കണ്ണപുരവും ചേർന്ന് കൈമാറി.
രണ്ടാം സമ്മാനമായ 16 ഗ്രാം സ്വർണ നാണയം വിജയിയായ റഫീഖ് അരിപ്രക്ക് ബേക്കേഴ്സ് കോവ് എം.ഡി പ്രിൻസ് തോമസ് നൽകി. സഫ മക്ക സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ എട്ട് ഗ്രാം സ്വർണ നാണയം വിജയി സുലൈമാൻ വിഴിഞ്ഞത്തിന് രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ കൈമാറി. നാലാം സമ്മാനമായ 32 ഇഞ്ച് എൽ.ഇ.ഡി ടി.വി വിജയി ഫഹദിന് സെക്രട്ടറി സുരേഷ് കണ്ണപുരം കൈമാറി. റിയാദ്, അൽഖർജ്, ദവാദ്മി, മജ്മഅ എന്നിവിടങ്ങിളിലുള്ള അറബ്, ഫിലിപ്പീൻസ്, ഇന്ത്യൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യക്കാരായ 176 പേർ കൂപ്പൺ സമ്മാനങ്ങൾക്ക് അർഹരായി.
ഒന്നാം സമ്മാനം നേടിയ സബാജ് കേളിയുടെ ലക്ഷം പൊതിച്ചോറ് പദ്ധതിയിലേക്ക് 200 പൊതിച്ചോറുകൾ സംഭാവന ചെയ്യുന്നതായി ചടങ്ങിൽ പ്രഖ്യാപിച്ചു. കേളിയുടെ 12 ഏരിയകളിൽനിന്നും വന്ന സമ്മാനങ്ങൾ അതത് ഏരിയ കമ്മറ്റി അംഗങ്ങളും രക്ഷാധികാരി സമിതി അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. ബേക്കേഴ്സ് എം.ഡി പ്രിൻസ്, ഫ്ലക്സി മാർക്കറ്റിങ് മാനേജർ സാനു, പ്രസാദ് വഞ്ചിപ്പുര, ക്രിക്കറ്റ് ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ടൂർണമെൻറ് കമ്മിറ്റി കൺവീനർ ഗഫൂർ ആനമങ്ങാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

