മൂന്നര പതിറ്റാണ്ടിന്റെ അധ്യാപന പുണ്യം; സബീന സാജിദ് ദമ്മാം ഇന്ത്യൻ സ്കൂളിന്റെ പടിയിറങ്ങുന്നു
text_fieldsദമ്മാം: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ വളർച്ചക്കൊപ്പം സഞ്ചരിച്ച് 35 വർഷക്കാലം സമർപ്പിതമായും മാതൃകാപരമായും സേവനമനുഷ്ഠിച്ച അധ്യാപിക സബീന സാജിദ് വിരമിക്കുന്നു. അധ്യാപന ജീവിതത്തിലുടനീളം ആത്മാർത്ഥതയും, പ്രതിബദ്ധതയും പുലർത്തി വിദ്യാർത്ഥികളുടേയും, സ്കുളിന്റേയും മനസ് കവർന്നാണ് ഈ അധ്യാപികയുടെ പടിയിറക്കം.
1991ൽ പ്രൈമറി അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ, പിന്നീട് മിഡിൽ സ്കൂളിൽ ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ ആയി സേവനമനുഷ്ഠിച്ചു. ഇംഗ്ലീഷ് ഭാഷാ അധ്യാപിക എന്ന നിലയിൽ, ഭാഷാപഠനത്തെ കൂടുതൽ ആകർഷകവും ആസ്വാദ്യകരവുമാക്കുന്ന നൂതന അധ്യാപനരീതികൾ അവർ ആവിഷ്കരിച്ചു. 22 വർഷക്കാലം ഇംഗ്ലീഷ് ഭാഷാ അധ്യാപികയായി സേവനമനുഷ്ഠിച്ച അവർ, 12 വർഷത്തിലധികം ഇംഗ്ലീഷ് വിഭാഗത്തിന്റെ കോർഡിനേറ്ററായും പ്രവർത്തിച്ചു.
കേവലം ഒരു അധ്യാപിക എന്നതിലപ്പുറത്ത് ഗൾഫ് മേഖലയിലെ ഒരു ഇന്ത്യൻ സ്കുളിന്റെ വളർച്ചക്ക് ഇതകുന്ന വിവിധ പരിപാടികൾ ആവിഷ്കരിക്കാനും, പലകാര്യങ്ങളിലും ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുന്ന് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ഒരുപോലെ പങ്കളിയാക്കാനും സാധിച്ചതിലുടെയാണ് ടീച്ചർ ഏവർക്കും കൂടുതൽ പ്രിയങ്കരിയായത്. ഈ പ്രവർത്തനങ്ങൾ സ്കുളിന്റെ വളർച്ചക്കും, ഒപ്പം കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിലും വലിയ സംഭാവന നൽകി.
1991-ൽ കേവലം പോർട്ടബിൾ ക്യാബിനുകളിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽനിന്ന് ഇന്ന് തലയുയർത്തി നിൽക്കുന്ന രണ്ട് ബൃഹത്തായ സ്കൂൾ കെട്ടിടങ്ങളിലേക്കുള്ള സ്ഥാപനത്തിന്റെ വളർച്ചയ്ക്കും പരിവർത്തനത്തിനും സാക്ഷ്യം വഹിച്ച അപൂർവ്വം അധ്യാപകരിൽ ഒരാളാണ് സബീന സാജിദ്. സ്കൂളിന്റെ ഈ ചരിത്രപരമായ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർ സ്ഥാപനത്തോടൊപ്പം സഞ്ചരിച്ചു എന്നതാണ് അവരെ വേറിട്ട് നിർത്തുന്നത്. . നഈം,ക്യാപ്റ്റൻ അൻവർ, മുഹമ്മദ് ഷാഫി തുടങ്ങിയ നാല് പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച കാലഘട്ടങ്ങളിൽ, ഓരോരുത്തരാലും മാതൃകാധ്യാപികയും മികച്ച നേതാവുമായി അംഗീകരിക്കപ്പെട്ട വ്യക്തിത്വമാണ് സബീനസാജിദ്. ഇപ്പോഴത്തെ പ്രിൻസിപ്പൽ സുനിൽ പീറ്ററിന്റെ നേതൃത്വത്തിലാണ് അവർ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നത്.
2013-ൽ കിന്റർഗാർട്ടൻ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസായി നിയമിതയായ അവർ, ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലൂടെയും സർഗാത്മകമായ പ്രവർത്തനങ്ങളിലൂടെയും മാതൃകാപരമായ മാർഗനിർദേശങ്ങളിലൂടെയും നിരവധി കുരുന്നുകളുടെ പ്രാരംഭ വിദ്യാഭ്യാസാനുഭവങ്ങളെ സമ്പന്നമാക്കി. തുടർന്ന് സ്പെഷ്യൽ കെയർ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ട് കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കും വികാസത്തിനുമായി അവർ തന്റെ സമർപ്പണം തുടർന്നു. പിന്നീട് അഡ്മിഷൻ ഇൻ-ചാർജ് എന്ന നിലയിൽ ചുമതലയേറ്റ അവർ, തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ഘട്ടത്തിലും ആത്മാർത്ഥതയോടെയും കാര്യക്ഷമതയോടെയും സ്ഥാപനത്തെ സേവിച്ചു.
തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം ആത്മാർത്ഥത, സൂക്ഷ്മത, ഉത്തരവാദിത്വബോധം എന്നിവയുടെ ഉത്തമ മാതൃകയായിരുന്ന സബീന സാജിദ്, മികച്ച ടീം ബിൽഡറും അർപ്പണബോധമുള്ള വിദ്യാഭ്യാസ പ്രവർത്തകയുമായി, സ്ഥാപനത്തിനും വിദ്യാർത്ഥികൾക്കും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളിലൂടെ മായാത്തൊരു പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത്. നൂതന ആശയങ്ങൾ, സമർപ്പിത സേവനം, മികച്ച നേതൃത്വം എന്നിവയിലൂടെ അവർ കൈവരിച്ച നേട്ടങ്ങൾ വരുംതലമുറകൾക്കും പ്രചോദനമായിരിക്കും. ദമ്മാമിലെ ഇന്ത്യൻ സമൂഹത്തിലെ സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം കൂടിയായിരുന്നു അവർ. കുട്ടികളുടെ പ്രശ്ന പരിഹാരത്തിന് സ്കുളിലെത്തുന്ന രക്ഷിതാക്കൾക്ക് ഒരാശ്വാസ കേന്ദ്രം കൂടിയായിരുന്നു അവർ. നിരവധി സംഘടനകൾ അവരുടെ അധ്യാപന മേഖലയിലെ സേവനങ്ങൾ പരിഗണിച്ച് അവരെ ആദരിച്ചിരുന്നു.

