ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ സാബിൻ എഫ്.സിയും ബ്ലൂസ്റ്റാർ ബി ടീമും ചാമ്പ്യന്മാർ
text_fieldsബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിൽ സൂപ്പർ ലീഗിൽ ചാമ്പ്യൻമാരായ സാബിൻ എഫ്.സി ടീം
ജിദ്ദ: രണ്ടു മാസത്തോളമായി ബ്ലൂസ്റ്റാർ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടക്കുന്ന അഞ്ചാമത് അൽ-അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിന്റെ സൂപ്പർ ലീഗിൽ ശറഫിയ ട്രേഡിങ് സാബിൻ എഫ്.സിയും സെക്കൻഡ് ഡിവിഷനിൽ അൽ-അബീർ ബ്ലൂസ്റ്റാർ ബി ടീമും ചാമ്പ്യന്മാരായി.
ഫൈനൽ മത്സരങ്ങളിൽ സാബിൻ എഫ്.സി, ആദാബ് ബിരിയാണി ഹൗസ് എ.സി.സി ടീമിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കും ബ്ലൂസ്റ്റാർ ബി ടീം എതിരില്ലാത്ത ഒരു ഗോളിന് തുറയ്യ മെഡിക്കൽസ് യാസ് എഫ്.സിയെയും പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സാബിൻ എഫ്.സി ആദ്യ പകുതിയിൽതന്നെ സുധീഷ് മമ്പാടിന്റെ ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയിൽ എ.സി.സി ടീം കാപ്റ്റൻ ഇമാദ് നാസറിന്റെ നേതൃത്വത്തിൽ ആക്രമണം ശക്തമാക്കി ഗോൾ മടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടെ മനാഫ് വയനാട് ഫ്രീ കിക്ക് ഗോളിലൂടെ സാബിൻ എഫ്.സിയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. മനാഫ് തന്നെയാണ് ടൂർണമെന്റിലെ ടോപ് സ്കോറർ.
സാബിൻ എഫ്.സിയുടെ അജിത് ശിവനേ സൂപ്പർ ലീഗിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. എ.സി.സി ടീമിന്റെ സനൂപ് മികച്ച ഡിഫൻഡറായും ഇമാദ് നാസർ മികച്ച ഫോർവേഡായും സാബിൻ എഫ്.സിയുടെ ഷറഫു മികച്ച ഗോൾകീപ്പറായും റിയൽ കേരള എഫ്.സിയുടെ വിഷ്ണു മനോജ് മികച്ച മിഡ്ഫീൽഡറായും തിരഞ്ഞെടുക്കപ്പെട്ടു.
തുല്യശക്തികളുടെ പോരാട്ടംകണ്ട സെക്കൻഡ് ഡിവിഷൻ ഫൈനലിൽ കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഗ്രൗണ്ടിന്റെ ഇടതു മൂലയിൽനിന്നും കുഞ്ഞാലി തൊടുത്തുവിട്ട ഫ്രീകിക്ക് ഗോൾ പോസ്റ്റിലേക്ക് തിരിച്ചുവിട്ട് ഷാഫിയാണ് ബ്ലൂസ്റ്റാർ ബി ടീമിന് ലീഡ് നേടിക്കൊടുത്തത്. ബ്ലൂസ്റ്റാർ ബി ടീമിന്റെ ആഷിഖ് പാറമ്മൽ ടൂർണമെൻറ് സെക്കൻഡ് ഡിവിഷനിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. എ.സി.സി ബി ടീമിന്റെ ആഷിഖ് വട്ടിപ്പറമ്പത്ത് ടോപ് സ്കോററായി. യാസ് എഫ്.സിയുടെ നിഹാൽ അമീർ മികച്ച ഡിഫൻഡറായും മാജിദ് മികച്ച മിഡ്ഫീൽഡറായും ബ്ലൂസ്റ്റാർ ടീമിന്റെ സുബൈർ മികച്ച ഗോൾകീപ്പറായും ആഷിഖ് പാറമ്മൽ മികച്ച ഫോർവേർഡായും തിരഞ്ഞെടുക്കപ്പെട്ടു.
ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി. മുഹമ്മദലി, അബീർ മെഡിക്കൽ ഗ്രൂപ് വൈസ് പ്രസിഡൻറ് ഡോ. ജംഷീർ, സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡൻറ് ബേബി നീലാമ്പ്ര, ജനറൽ സെക്രട്ടറി ഷബീറലി ലാവ, മുൻ പ്രസിഡൻറ് ഹിഫ്സുറഹ്മാൻ, അൽ-അബീർ മാർക്കറ്റിങ് മാനേജർ ഡോ. ഇമ്രാൻ, ഹീറാ ഗോൾഡ് മാർക്കറ്റിങ് പ്രസിഡൻറ് അനീസ് മങ്കട, കംഫർട്ട് ട്രാവെൽസ് കൺട്രി മാനേജർ അസ്കർ, അമീർ ചെറുകോട് തുടങ്ങിയവർ സമ്മാന വിതരണം നിർവഹിച്ചു. ബ്ലൂസ്റ്റാർ ക്ലബ് വൈസ് പ്രസിഡൻറ് യഹ്യ നന്ദി പറഞ്ഞു. റിയൽ കേരള താരത്തിന്റെ മാതാവിന്റെ ചികിത്സ ഫണ്ടിലേക്ക് കാണികളിൽനിന്നും സ്വരൂപിച്ച തുക ചടങ്ങിൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

