നസിറുദ്ദീൻ ഓമണ്ണിലിന് ‘സാബിക്’കമ്പനി യാത്രയയപ്പ്
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നസിറുദ്ദീൻ ഓമണ്ണിലിനുള്ള കമ്പനിയുടെ ഉപഹാരം ‘യാൻസാബ്’പ്രസിഡന്റ് എൻജി. മുഹമ്മദ് അൽ ബാസയ്ദ് നൽകുന്നു
യാംബു: രണ്ടര പതിറ്റാണ്ടത്തെ യാംബു പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നസിറുദ്ദീൻ ഓമണ്ണിലിന് അദ്ദേഹം ജോലി ചെയ്യുന്ന ‘സാബിക്’കമ്പനി മാനേജ്മെന്റും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. യാംബു റോയൽ കമീഷനിലെ നൗറിസ് ദ്വീപിലെ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ‘യാൻസാബ്’കമ്പനി പ്രസിഡന്റ് എൻജി. മുഹമ്മദ് അൽ ബാസയ്ദ് നസിറുദ്ദീനുള്ള കമ്പനിയുടെ ഉപഹാരം സമ്മാനിച്ചു.
നല്ല മികവ് പുലർത്തി സേവനം കാഴ്ചവെച്ച നസിറുദ്ദീൻ മറ്റുള്ളവർക്ക് ഏറെ പ്രചോദനമാണെന്നും സൗദികളായ നിരവധി പ്രമുഖർക്ക് സാമ്പത്തിക മേഖലയിൽ മാർഗനിർദേശം കൊടുക്കാൻ എന്നും മുന്നിലായിരുന്നെന്നും ‘സാബികി’ലെ അദ്ദേഹത്തിന്റെ സേവനത്തിൽ ഏറെ സന്തുഷ്ടി രേഖപ്പെടുത്തുന്നതായും കമ്പനി പ്രസിഡന്റ് പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിൽ യാൻസാബ് കമ്പനി ഡയറക്ടർമാരായ എൻജി. മാജിദ് അൽ അഹ്മദി, അബ്ദുൽ കരീം അൽ മൽകി, ലീഗൽ അഡ്വൈസർ യാസിർ അൽ അവാദ് എന്നിവരും മറ്റു സഹപ്രവർത്തകരും പങ്കെടുത്തു. സൗദിയിലെ പ്രമുഖ പെട്രോ കെമിക്കൽ കമ്പനിയായ സാബികിന്റെ വിവിധ പ്രോജക്ടുകളിൽ ഫിനാൻസ്, അക്കൗണ്ടിങ് തസ്തികളിൽ നീണ്ടകാലം സേവനം അനുഷ്ഠിച്ച നസിറുദ്ദീൻ പ്രവാസം മതിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. എം.കോം, എൽഎൽ.ബി ബിരുദദാരിയായ നസിറുദ്ദീൻ നാട്ടിൽ കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
തുടർന്ന് കേരള സർക്കാറിന്റെ സെയിൽസ് ടാക്സ് ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനായി സേവനം ചെയ്യുന്നതിനിടയിലാണ് യാംബു പ്രവാസം തുടങ്ങിയത്. കോളജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി കോളജ് യൂനിയൻ ജനറൽ സെക്രട്ടറി, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജ് യൂനിയൻ ചെയർമാൻ, കൗൺസിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
യാംബുവിലെ സാമൂഹിക സാംസ്കാരിക സന്നദ്ധസേവന മേഖലയിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.നാട്ടിലെത്തിയാലും വിദ്യാഭ്യാസ സാമൂഹിക സേവന മേഖലകളിൽ കഴിയുന്ന സേവനപ്രവർത്തനങ്ങളിൽ മുഴുകണമെന്നാണ് ആഗ്രഹമെന്ന് ഇടുക്കി സ്വദേശിയായ നസിറുദ്ദീൻ ഓമണ്ണിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

