അബൂദബി അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് സബാഹ് ആലുവ
text_fieldsസബാഹ് ആലുവ
യാംബു: നാലാമത് അബൂദബി അന്താരാഷ്ട്ര ഇസ്ലാമിക കൈയെഴുത്ത് പ്രതികളെക്കുറിച്ചുള്ള സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് മലയാളി ഗവേഷകൻ. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയും യാംബു കെൻസ് ഇന്റർനാഷനൽ സ്കൂൾ ബോയ്സ് സെക്ഷൻ പ്രിൻസിപ്പൽ കൂടിയായ സബാഹ് ആലുവയാണ് സമ്മേളത്തിൽ ഏക ഇന്ത്യക്കാരൻ എന്ന നിലയിൽ ശ്രദ്ധേയനായത്. ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ അബൂദബി സംസ്കാരിക വകുപ്പിന് കീഴിൽ അബൂദബി കൾചറൽ ഫൗണ്ടേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആഗോള അക്കാദമിക് വിദഗ്ധരും ഗവേഷകരുമാണ് മുഖ്യാഥിതികളായി എത്തിയത്. 'ഇന്ത്യൻ മഹാസമുദ്രത്തിലൂടെ മലബാറിനും ആഫ്രിക്കക്കുമിടയിൽ കൈമാറ്റം ചെയ്യപ്പെട്ട കൈയെഴുത്തു പ്രതികളിലെ ഇസ്ലാമിക കലാവിഷ്കാരങ്ങൾ' എന്ന വിഷയത്തിലാണ് സബാഹ് ആലുവ പ്രൗഢമായ പ്രബന്ധം അവതരിപ്പിച്ചത്.
അബൂദബി അന്താരാഷ്ട്ര സമ്മേളനത്തിൽ
പങ്കെടുക്കുന്ന പ്രധാന വ്യക്തിയോടൊപ്പം
സബാഹ് ആലുവ
ലോകത്തുള്ള ഇസ്ലാമിക കൈയെഴുത്തു പ്രതികളുടെ സംരക്ഷണാർഥം വിവിധ അക്കാദമിക, അക്കാദമികേതര മുന്നേറ്റം ലക്ഷ്യമിട്ടാണ് അബൂദബി സംസ്കാരിക വകുപ്പ് കാനഡയിലെ ക്യൂബെക്കിലെ മോൺട്രിയലിൽ സ്ഥിതിചെയ്യുന്ന ഗവേഷണ സർവകലാശാലയായ മക്ഗിൽ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് പ്രതിനിധികളുടെ സംഗമത്തിന് വേദിയൊരുക്കിയത്. ഇസ്ലാമിക് കൈയെഴുത്തു പ്രതികൾ, ഇസ്ലാമിക കല, അറബി കലിഗ്രഫി, ഇസ്ലാമിക പുരാവസ്തു ശാസ്ത്രം, എപ്പിഗ്രഫി, പാലിയോഗ്രഫി, അറബിക് ദൃശ്യകലകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലാണ് ആഗോള സമ്മേളനം സംഘടിപ്പിച്ചത്. അബൂദാബിയിലെ സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ആലുവ വെളിയത്തുനാട് സ്വദേശിയായ സബാഹ് ഹൈസ്കൂള്‍ പഠനത്തിന് ശേഷം ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ഡല്‍ഹി ഹംദര്‍ദ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇപ്പോൾ ഹംദര്‍ദ് യൂനിവേഴ്സിറ്റിയില്‍ ഗവേഷകന് കൂടിയാണ് സബാഹ്. യാംബു കെൻസ് ഇന്റർനാഷനൽ സ്കൂളിൽ ഒരു വർഷമായി സേവനം ചെയ്യുന്നു. കേരളത്തിലെ ആദ്യത്തെ അറബി കലിഗ്രഫി അക്കാദമിക് സെമിനാർ സംഘടിപ്പിച്ച് ശ്രദ്ധേയനായിരുന്നു. 2023 ൽ ഇസ്ലാമിക കലാവിഷ്കാരങ്ങളുടെ പഠന ഗവേഷണങ്ങൾക്കായി കേരളത്തിൽപെൻമാൻഷിപ് റിസർച്ച് സെന്റർ എന്ന ഓൺലൈൻ സെന്റർ സ്ഥാപിച്ചു. 2021 ല്‍ ‘ദില്ലീനാമ’ എന്ന കൃതി പ്രസിദ്ധീകരിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള പത്തിലധികം അറബി കലിഗ്രഫി കലാകാരന്മാരെയും ഗവേഷകരെയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഇസ്ലാമിക കല, ഇസ്ലാമിക വാസ്തുവിദ്യ, ഇസ്ലാമിക പുരാവസ്തുശാസ്ത്രം, പാലിയോഗ്രഫി, എപ്പിഗ്രഫി, ഇസ്ലാമിലെ കൈയെഴുത്തു പ്രതികളെക്കുറിച്ച പഠന മേഖലകളില്‍ ശിൽപശാലകള്, ലെക്ചര്‍ സീരീസുകള്‍ എന്നിവ കേരളത്തിലും പുറത്തും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിൽ അറബി കലിഗ്രഫിയുമായി ബന്ധപ്പെട്ട ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പരേതനായ പി.വി മുഹമ്മദ് ഉമരിയുടെയും ആയിശ ബീവിയുടെയും മകനാണ്. ഭാര്യ: ഡോ. ഫായിസ, മക്കൾ: സിദ്റ ഫാത്തിമ, അയ്മൻ അഹ്മദ്, നൈറ ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

