റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി ഒമാനിൽ
text_fieldsറഷ്യൻ സുരക്ഷ കൗൺസിൽ സെക്രട്ടറി സെർഗെയ് ഷോയ്ഗുവിനെ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിക്കുന്നു
മസ്കത്ത്: റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർഗെയ് ഷോയ്ഗു ഒമാനിലെത്തി. അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തി. സുരക്ഷ, സൈനിക മേഖലകളിൽ ഒമാനും റഷ്യയും തമ്മിലുള്ള സഹകരണസാധ്യതകളെക്കുറിച്ചും പ്രാദേശികമായ സുരക്ഷയും സ്ഥിലരതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത ശ്രമങ്ങളെയുംകുറിച്ച് യോഗത്തിൽ അവലോകനം നടത്തി. ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
യോഗത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആശംസ റഷ്യൻ സുരക്ഷ കൗൺസിൽ സെക്രട്ടറി സുൽത്തനൊനെ അറിയിച്ചു. തിരിച്ച് പുടിന് തന്റെ ഹൃദയപൂർവമായ വന്ദനങ്ങളും റഷ്യൻ ജനതക്കുള്ള ആശംസകളും സുൽത്താൻ ഹൈതം ബിൻ താരിഖ് കൈമാറി. റോയൽ ഓഫിസ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയും യോഗത്തിൽ പങ്കെടുത്തു.
സാമ്പത്തിക-നിക്ഷേപ സാധ്യത തേടി റഷ്യ-ഒമാൻ ബിസിനസ് ഫോറം
ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖും റഷ്യൻ സുരക്ഷാ കൗൺസിൽ
സെക്രട്ടറി സെർഗെയ് ഷോയ്ഗുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽനിന്ന്
ഒമാനും റഷ്യയും തമ്മിലെ സാമ്പത്തിക-നിക്ഷേപപ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്ന റഷ്യ-ഒമാൻ ബിസിനസ് ഫോറത്തിന് മുന്നോടിയായി റഷ്യന്‍ വ്യവസായപ്രതിനിധികള്‍ ഒമാനിലെ വ്യവസായകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ഒമാന്റെ ദേശീയ സാമ്പത്തിക വികസനത്തെ പിന്തുണക്കുകയും ചെയ്യുന്ന പ്രധാന സ്ഥാപനങ്ങളായ ഇന്‍വെസ്റ്റ് ഒമാനും ഒമ്രാന് ഗ്രൂപ്പുമാണ് വ്യവസായ സന്ദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്. റോസ്കോണ്ഗ്രസ് ഫൗണ്ടേഷന്റെ അന്താരാഷ്ട്രവേദിയായ റോസ്കോണ്ഗ്രസ് ഇന്റര്‍നാഷനല്‍, ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയാണ് ബിസിനസ് മിഷന് സംഘടിപ്പിച്ചത്.
റഷ്യ-ഒമാന്‍ ബന്ധങ്ങളുടെ മാറ്റം പുതിയ തലത്തിലേക്ക് എത്തുന്നതിന് സാക്ഷിയാകുകയാണ് ഞങ്ങളെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ആന്റണ്‍ കൊബ്യാക്കോവ് പറഞ്ഞു. വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം, സുസ്ഥിര വികസനം എന്നിവയിലെ സംയുക്ത പദ്ധതികള്‍ക്ക് ഇരുരാജ്യങ്ങള്‍ക്കും താൽപര്യമുണ്ടെന്നും രാജ്യത്തിന്റെ യഥാര്‍ഥ നിക്ഷേപ സാധ്യത പരിപ്പെടാനുള്ള അവസരമായി ഈ വ്യവസായ സന്ദര്‍ശനങ്ങള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ (എം.ഒ.സി.ഐ.ഐ.പി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നിക്ഷേപ പ്രോത്സാഹന കേന്ദ്രമായ ഇന്‍വെസ്റ്റ് ഒമാനിലെ സന്ദര്‍ശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. വിദേശനിക്ഷേപകരെ ഏറെ ആകര്‍ഷിക്കുന്നവ അടക്കമുള്ള നിക്ഷേപ പദ്ധതികളെ റഷ്യന്‍ പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. ലൈസന്‍സിങ് മുതല്‍ പദ്ധതി നടപ്പാക്കല്‍ വരെയുള്ള നിക്ഷേപത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്‍വെസ്റ്റ് ഒമാന്‍ നല്കുന്ന സമഗ്രമായ പിന്തുണ സംബന്ധിച്ച് പ്രതിനിധിസംഘത്തെ അറിയിച്ചു. വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം, ഖനനം, ഹരിതോര്‍ജം ഉള്‍പ്പെടുന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രധാന മേഖലകള്‍.
ഭവന-നഗരാസൂത്രണ മന്ത്രാലയം അവതരിപ്പിച്ച 'ഒമാനില്‍ ജീവിക്കുക' എന്ന പദ്ധതിയെ സംബന്ധിച്ചും പ്രതിനിധിസംഘത്തെ പരിചയപ്പെടുത്തി. സാമ്പത്തിക മേഖലകള്‍ക്കും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കും സമീപം പാര്‍പ്പിട പശ്ചാത്തല സൗകര്യം വിപുലമാക്കുന്ന ആധുനിക നഗരഅന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി.
സന്ദര്‍ശനത്തിനിടെ, മദായിന്‍, ഖസായിന്‍ ഇക്കണോമിക് സിറ്റി എന്നിവ സുപ്രധാന പദ്ധതികള്‍ അവതരിപ്പിച്ചു. ഒമാനിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റികളുടെയും ഇക്കണോമിക് സോണുകളുടെയും ശൃംഖല മദായിന്‍ ആണ് കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, വ്യവസായനിക്ഷേപത്തിനും സാമ്പത്തിക വൈവിധ്യവത്കരണത്തിനും ആധുനിക സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. സുല്‍ത്താനേറ്റിലെ ഏറ്റവും വലിയ സംയോജിത പദ്ധതികളില്‍ ഒന്നാണ് ഖസായിന്‍ ഇക്കണോമിക് സിറ്റി. ഡ്രൈ പോര്‍ട്ട്, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് കോംപ്ലക്സ്, ഇന്‍ഡസ്ട്രിയല്‍ സോണുകള്‍, വാണിജ്യ- പാര്‍പ്പിട ഏരിയകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഒമാനില്‍ സാമ്പത്തികപ്രവര്ത്തനത്തിന് ആധുനിക കേന്ദ്രം ഇത് രൂപപ്പെടുത്തുന്നു.
ഒമ്രാന് ഗ്രൂപ്പാണ് അവസാനമായി സംഘം സന്ദര്‍ശിച്ചത്. ടൂറിസം, പശ്ചാത്തലസൗകര്യ വികസനം എന്നിവയില്‍ സുപ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ കമ്പനിയാണ് ഒമ്രാന്. തലസ്ഥാനത്തെ വ്യവസായ, സാംസ്കാരിക, വിനോദസഞ്ചാര ഇടങ്ങള്‍ സംയോജിക്കുന്ന വേദിയിലാണ് കൂടിക്കാഴ്ച നടന്നത്.
കമ്പനിയുടെ പ്രധാന സംരംഭങ്ങള്‍ പ്രതിനിധിസംഘത്തെ പരിചയപ്പെടുത്തി. ഒമാന്റെ സാംസ്കാരിക പൈതൃകവും അന്തരീക്ഷവും അനുഭവിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

