'റൺ ജിദ്ദ റൺ' ശീതകാല ഹാഫ് മാരത്തൺ ഡിസംബറിൽ
text_fieldsഈ വർഷമാദ്യം റിയാദിൽ നടന്ന രാജ്യത്തെ ആദ്യ അന്താരാഷ്‌ട്ര ഫുൾ മാരത്തണിൽനിന്ന്
(ഫയൽ ഫോട്ടോ)
ജിദ്ദ: സൗദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ശീതകാല ഹാഫ് മാരത്തൺ ഡിസംബർ 10ന് ജിദ്ദയിൽ നടക്കും. 'റൺ ജിദ്ദ റൺ' എന്ന പേരിൽ നടക്കുന്ന കൂട്ടയോട്ടം എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. തണുപ്പുകാലമെന്ന നിലയിലാണ് ഈ സമയം തിരഞ്ഞെടുത്തതെന്ന് ഫെഡറേഷൻ പറഞ്ഞു. മൂന്നു വിഭാഗങ്ങളായിട്ടായിരിക്കും മാരത്തൺ.പരിചയസമ്പന്നരായ ഓട്ടക്കാർക്കായി 21 കിലോമീറ്റർ, 17 വയസ്സിനു മുകളിലുള്ളവർക്ക് 10 കിലോമീറ്റർ, കുട്ടികൾക്കും തുടക്കക്കാർക്കുമായി നാലു കിലോമീറ്റർ എന്നിങ്ങനെയാണ് ഓട്ടം ക്രമീകരിച്ചിട്ടുള്ളത്.
എല്ലാവർക്കും പ്രാപ്യമായ, മുഴുവൻ സമൂഹത്തെയും കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി സൃഷ്ടിക്കാനാണ് തങ്ങൾ എപ്പോഴും ലക്ഷ്യമിടുന്നതെന്ന് സൗദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ഷൈമ സാലിഹ് അൽഹുസൈനി പറഞ്ഞു. ഈ വർഷം, പങ്കെടുക്കുന്ന എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുകയും അവർക്കും കാണികൾക്കും കൂടുതൽ ആസ്വാദ്യകരമായ കുടുംബ സൗഹൃദ അനുഭവം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അൽഹുസൈനി പറഞ്ഞു.പരിശീലനപരിപാടികൾ തങ്ങളുടെ മാരത്തൺ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.
തത്സമയ വിനോദം, ഫുഡ് ട്രക്കുകൾ, ഫിറ്റ്നസ് ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള 'മാരത്തൺ വില്ലേജ്' പ്രധാന പരിപാടിക്ക് ഒരു ദിവസം മുമ്പ് തുറക്കും.വൈവിധ്യമാർന്ന കായികപ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും കൂടുതൽ വ്യായാമം ചെയ്യാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള 'വിഷൻ 2030'ന്റെ ലക്ഷ്യത്തിന് അനുസൃതമായി, കായിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് ജിദ്ദ ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഈ വർഷമാദ്യം റിയാദിൽ നടന്ന രാജ്യത്തെ ആദ്യ അന്താരാഷ്‌ട്ര ഫുൾ മാരത്തണിൽ അന്താരാഷ്ട്ര ഓട്ടക്കാർ ഉൾപ്പെടെ 10,000ത്തിലധികം പേർ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

