‘റുബ് അൽഖാലി’ പച്ചപ്പണിയും, അഞ്ച് കോടി മരങ്ങൾ നടുന്നു
text_fieldsറുബ് അൽഖാലിയിൽ വൃക്ഷത്തൈ നടീൽ പദ്ധതിക്ക് തുടക്കമായപ്പോൾ
ദമ്മാം: ലോകത്തിലെ ഏറ്റവും വലിയ അപകടകരവും നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നതുമായ ‘റുബ് അൽഖാലി’ (എംപ്ടി ക്വാർട്ടർ) ശൂന്യമരുഭൂമിയെ പച്ചപ്പണിയിക്കാൻ അഞ്ച് കോടി മരങ്ങൾ നടൻ സൗദി അറേബ്യ ബൃഹദ് പദ്ധതി ആവിഷ്കരിച്ചു. സൗദിയുടെ തെക്കുകിഴക്കായി ഒമാന്റെയും യു.എ.ഇയുടെയും യമന്റെയും ഭൂഭാഗങ്ങൾ വരെ നീണ്ടു കിടക്കുന്ന റുബ് അൽഖാലിയിലെ മൂന്ന് സ്ഥലങ്ങളിലും ഇതിനോട് ചേർന്നുള്ള സൗദി കിഴക്കൻ പ്രവിശ്യയിലെ ഹറാദ്, യാബ്രിൻ എന്നീ രണ്ടിടങ്ങളിലുമായാണ് ഹരിതവത്കരണം നടത്തുന്നത്. സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ സഹകരണത്തോടെ നാഷനൽ വെജിറ്റേഷൻ ഡെവലപ്മന്റെ് സെന്റർ നിർദിഷ്ട പ്രദേശങ്ങളിൽ വിത്തുകൾ വിതച്ചുകൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു.
വൃക്ഷങ്ങളുടെ വിത്തുകൾ വിതക്കുന്നു
ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ‘ശൂന്യപ്രദേശത്തെ’ മെരുക്കിയെടുത്ത് ഹരിതവത്കരിക്കാനുള്ള തീവ്രയത്ന പാരിസ്ഥിതിക പ്രവർത്തനത്തിലാണ് സൗദി. ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾ നേടുന്നതിലെ രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണിത്. സൗദി ഗ്രീൻ, മിഡിലീസ്റ്റ് ഗ്രീൻ എന്നീ സംരംഭങ്ങളുടെ സംയുക്ത ചട്ടക്കൂടിനുള്ളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സൗദിയുടെ ഹരിതവത്കരണ ശ്രമങ്ങളെ ഇരട്ടിയാക്കുന്നതാണിത്.‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ ഹരിതവത്കരണത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതിയാണിത്. തദ്ദേശീയ സസ്യയിനങ്ങളായ ആർത, അർഫജ്, ദമ്രാൻ, റാംത്ത് എന്നിവയാണ് വെച്ചുപിടിപ്പിക്കുന്നത്. വരണ്ട കാലാവസ്ഥയെ ഏറക്കുറെ അതിജയിക്കാൻ ഈ സസ്യങ്ങൾക്ക് കഴിയുമെന്ന് മാത്രമല്ല മണൽ കാറ്റുകളെ പ്രതിരോധിക്കാനും കഴിയും.
2016 ൽ ‘വിഷൻ 2030’ ആരംഭിച്ചതിനുശേഷം മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനായി സൗദി അറേബ്യ ശ്രദ്ധേയമായ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. 2021 മുതൽ സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന് തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ഊർജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിലും കാർബൺ ഉദ്വമനം കുറക്കുന്നതിലും വനവത്കരണ ശ്രമങ്ങൾ വികസിപ്പിക്കുന്നതിലും ഭൂഭാഗങ്ങളുടെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിലും രാജ്യത്തിന്റെ കര, സമുദ്ര മേഖലകൾ സംരക്ഷിക്കുന്നതിലും ഉൾപ്പെടെ പാരിസ്ഥിതിക സംരക്ഷണത്തിന്റെ മികച്ച മാതൃകകളാണ് സൗദി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അരാംകോയുടെ പിന്തുണ ഈ മേഖലയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കുന്നതിന് സഹായകമാകും.
റുബ് അൽഖാലിയുടെ ഭൂരിഭാഗവും സൗദി അറേബ്യയിലാണ്. ബാക്കി ഭാഗങ്ങൾ ഒമാൻ, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങളിലും. ഒരു പതിറ്റാണ്ടിലധികം നീണ്ട പ്രയത്നത്തിലൂടെ മൂന്ന് വർഷം മുമ്പ് റുബ് അൽഖാലിക്ക് കുറുകെ സൗദിക്കും ഒമാനിനുമിടയിൽ പുതിയ റോഡ് പണിതിരുന്നു.ഗതാഗതം ആരംഭിച്ച ഈ പദ്ധതി അതിനിഗൂഢതകൾ ഇനിയും ഒളിഞ്ഞിരിക്കുന്ന ശൂന്യസ്ഥലിയിലൂടെയുള്ള ഒരു സാഹസിക വികസന മുന്നേറ്റമായിരുന്നു.ഈ റോഡിന്റെ 600 കിലോമീറ്റർ ഭാഗം സൗദിക്കുള്ളിലാണ്. സൗദിയുടെ ഏറ്റവും വലിയ എണ്ണപ്പാടം സ്ഥിചെയ്യുന്നത് റുബ് അൽഖാലിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

