ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ 'നോട്ടെക്ക് എക്സ്പോ'സമാപിച്ചു
text_fieldsആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ ‘നോട്ടെക്ക് എക്സ്പോ’സമാപനം
റിയാദ്: നവ സംരംഭകരെയും പുതിയ ലോകത്തിന്‍റെ സാങ്കേതികതയേയും പ്രവാസലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) നടത്തിവരുന്ന വിവര ശാസ്ത്ര സാങ്കേതികവിദ്യയുടെ മേളയായ നോളജ് ആൻഡ് ടെക്നോളേജി എക്സ്പോ 2022 സൗദി ഈസ്റ്റ് നാഷനൽ മത്സരങ്ങൾ ജുബൈലിൽ സമാപിച്ചു.
ആർ.എസ്.സിയുടെ വിസ്ഡം വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ നടന്ന സംഗമത്തിൽ സൗദി കിഴക്കൻ പ്രവിശ്യാ പരിധിയിലെ എട്ട് സെൻട്രലുകളിൽനിന്നുള്ള പ്രതിഭാധനരായ വിദ്യാർഥികളും യുവാക്കളുമാണ് സൗദി ദേശീയതല വേദിയിൽ മാറ്റുരച്ചത്.
ആധുനിക സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ വിളിച്ചോതുന്ന എക്സ്പോ പവലിയൻ, വിവര സാങ്കേതിക രംഗത്തെ പുതിയ പ്രവണതകളെയും സാധ്യതകളെയും പരിചയപ്പെടുത്തുന്ന പ്രഗല്ഭരുടെ കെ-ടോക്ക്സുകൾ, സൗജന്യ മെഡിക്കൽ ചെക്കപ്പ്, പ്രമുഖ കമ്പനികളുടെ പ്രദർശന സ്റ്റാളുകൾ തുടങ്ങിയ നിരവധി പരിപാടികളോടെയാണ് നോട്ടക്ക് സംഘടിപ്പിച്ചത്.
ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിൽ കരിയർ പോയന്‍റ്, സയൻസ് ക്വിസ്, ദ ബ്രെയിൻ, ദ പയനീർ, ആപ്, കൊണ്ടസ്റ്റ് സ്പോട്ട് ക്രാഫ്റ്റ്, ക്യൂ കാർഡ്, സെമിന, ദ ലെജൻഡറി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. റിയാദ് സിറ്റി, റിയാദ് നോർത്ത്, ദമ്മാം എന്നീ സെൻട്രലുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പ്രഥമ നോട്ടക്ക് അവാർഡിന് ഡോ. വി. ജോയ് ദാസ് അർഹനായി. സമുദ്ര ഗവേഷണ രംഗത്തെ സ്തുത്യർഹമായ സംഭാവനകളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.
മുഹമ്മദ് തുറാബ് തങ്ങൾ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. സംഗമത്തിൽ നൗഷാദ് അലി, റഹ്മാൻ ആലം സിദ്ദിഖ്, കമറുദ്ദീൻ, ജയൻ തച്ചമ്പാറ, നൂഹ് പാപ്പിനിശ്ശേരി, സഫയർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി സമ്മാന വിതരണം നിർവഹിച്ചു. സിറാജ് മാട്ടിൽ, നൗഫൽ ചിറയിൽ, അൻസാർ കൊട്ടുകാട്, കബീർ ചേളാരി, ജലീൽ കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

