'മൈത്രി' കാരുണ്യഹസ്തം പദ്ധതിയിലൂടെ 20 ലക്ഷം രൂപ വിതരണം ചെയ്യും
text_fieldsമൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനം നടത്തുന്നു
റിയാദ്: ജീവകാരുണ്യ രംഗത്ത് റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അതിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് അർബുദ ബാധിതരായ നിർധനരായ 200 പേർക്കായി 20 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കരുനാഗപ്പള്ളി താലൂക്കിൽപെട്ട 200 ക്യാൻസർ രോഗികൾക്കാണ് മൈത്രി കാരുണ്യ ഹസ്തം എന്ന പദ്ധതിയിലൂടെ 10000 രൂപ വീതം നൽകുന്നത്.
ഏറ്റവും അർഹതപ്പെട്ട 200 പേരെ കണ്ടെത്തുവാൻ ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകേണ്ടതുണ്ട്. അതിനുവേണ്ട അപേക്ഷ ഫോം ലഭ്യമാകുന്നത് 2025 ഏപ്രിൽ 2 ബുധനാഴ്ച്ച രാവിലെ 10 മണിമുതൽ ഏപ്രിൽ 7 വരെയാണ്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിന് സമീപത്തുള്ള വൈദ്യുതഭവന് ഏതിർ വശത്ത് ഷാലിമാർ വില്ലയിൽ പ്രവർത്തിക്കുന്ന മൈത്രി ഓഫീസിൽ നിന്നും അപേക്ഷ ഫോം ലഭ്യമാകുന്നതാണ്. രോഗിയുടെ പേരിൽ വാങ്ങുന്ന അപേക്ഷയിന്മേൽ മാത്രമായിരിക്കും സാമ്പത്തിക സഹായം നൽകുന്നത്.
അപേക്ഷ ഫോം വാങ്ങാനെത്തുമ്പോൾ രോഗിയുടെ പേര് ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും നൽകേണ്ടതാണ്. രോഗിക്ക് നേരിട്ടോ, അഭ്യുദയകാംക്ഷി മുഖാന്തിരമോ അപേക്ഷ ഫോം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോം 2025 ഏപ്രിൽ 10 വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി മൈത്രി ഓഫീസിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7994343560 എന്ന നമ്പരിൽ ബന്ധപ്പെടുക. ഏപ്രിൽ മാസം അവസാന വാരം തന്നെ ഈ തുക ഏറ്റവും അർഹതപ്പെട്ടവരിലേക്ക് മൈത്രി കൈമാറുന്നതാണ്. റിയാദിലുള്ള കരുനാഗപ്പള്ളി താലൂക്ക് നിവാസികളുടെ കൂട്ടായ്മ 2005 ലാണ് രൂപവത്കരിച്ചത്.
മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന കൂട്ടായ്മ ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേർക്ക് ആശ്വാസം പകർന്നു കഴിഞ്ഞു. കരുനാഗപ്പള്ളി പ്രദേശക്കാരുടെ കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഫലം ദേശ, ഭാഷ, മത വ്യത്യാസമില്ലാതെ കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള ആളുകൾക്ക് സഹായങ്ങൾ എത്തിക്കാൻ മൈത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം മൈത്രിക്ക് രണ്ടര കോടിയോളം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി സഹായിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ഈ കൂട്ടായ്മ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തും സജീവമാണ്. വാർത്താസമ്മേളനത്തിൽ മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാന് മുനമ്പത്ത്, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, ജനറൽ കൺവീനറും, അഡ്വൈസറി ബോർഡ് ചെയർമാനുമായ ഷംനാദ് കരുനാഗപ്പള്ളി, ചെയർമാൻ ബാലുക്കുട്ടൻ, ജീവകാരുണ്യ കൺവീനർ അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റുമാരായ നസീർ ഖാൻ, നസീർ ഹനീഫ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

