ശാഇർ ട്രെയിൻ: മക്ക റോയൽ കമ്മീഷനും സൗദി റെയിൽവേയും കരാർ ഒപ്പുവെച്ചു
text_fieldsജിദ്ദ: മശാഇർ ട്രെയിൻ പ്രവർത്തിപ്പിക്കുന്നതിന് മക്ക, മശാഇർ റോയൽ കമ്മീഷനും സൗദി റെയിൽവേ കമ്പനി (സാർ)യും തമ്മിൽ കരാർ ഒപ്പുവെച്ചു. ട്രെയിൻ സേവനം, റിപ്പയറിങ്, പ്രവർത്തിപ്പിക്കൽ എന്നിവ കരാറിലുൾപ്പെടും. മക്ക വികസന അതോറിറ്റിയുടെയും ധനമന്ത്രാലയത്തിന്റെയും പങ്കാളിത്തതോടെയായിരിക്കും കരാർ നടപ്പിലാക്കുക. അഞ്ച് വർഷത്തേക്കാണ് കരാർ. ഈ കാലയളവിൽ ട്രെയിനിലെ സേവനങ്ങൾ, റിപ്പയറിങ്, പ്രവർത്തിപ്പിക്കൽ എന്നിവക്ക് പുറമെ സ്റ്റേഷനുകളിലെ കൗഡ് മാനേജ്മെൻറ്, സെക്യൂരിറ്റി, സ്റ്റേഷനുകളുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും ഉപകരണങ്ങളുടെയും ഓപറേഷൻ സംവിധാനങ്ങളുടെയും നിയന്ത്രണവും മേൽനോട്ടവും റെയിൽവേ കമ്പനിക്കായിരിക്കും.
ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുകയും സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് സൗദി റെയിൽവേ കമ്പനിയുമായി കരാർ ഒപ്പുവെച്ചിരിക്കുന്നതെന്ന് റോയൽ കമ്മീഷൻ സി.ഇ.ഒ എൻജിനീയർ അബ്ദുറഹ്മാൻ അദാസ് പറഞ്ഞു. മശാഇർ ട്രെയിൻ പ്രവർത്തിപ്പിക്കുന്നതിലൂടെ തീർഥാടകർക്ക് നൽകുന്ന സേവനം മികച്ചതാക്കുന്നതിൽ പങ്കാളിയാവാൻ തെരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ടെന്ന് സൗദി റെയിൽവേ സി.ഇ.ഒ ഡോ. ബശാർ അൽമാലിക് പറഞ്ഞു. കഴിഞ്ഞ വർഷം മശാഇർ ട്രെയിൻ പ്രവർത്തിപ്പിക്കൽ ഏറ്റെടുത്തതു മുതൽ സേവനങ്ങൾ മികച്ചതാക്കാനാണ് കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അടുത്തഘട്ടത്തിലും റോയൽ കമ്മീഷനുമായി സഹകരിച്ചു പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

