ത്വാഇഫിൽ റോസാപ്പൂ; ഉൽപാദനത്തിൽ വൻ വർധന
text_fieldsത്വാഇഫ്: സൗദി അറേബ്യയിലെ ത്വാഇഫിൽ ഇത്തവണ റോസാപ്പൂ ഉൽപാദനത്തിൽ വൻ വർധന രേഖപ്പെടുത്തി. അനുകൂല കാലാവസ്ഥയും കൃത്യമായ പരിചരണവും കാരണമാണ് ഉൽപാദനത്തിലും പൂക്കളുടെ ഗുണനിലവാരത്തിലും ഇത്രയും വലിയ മുന്നേറ്റമുണ്ടായത്. ത്വാഇഫ് ഗവർണറേറ്റിലെ 910-ലധികം ഫാമുകളിലായി ഏകദേശം 11.4 ലക്ഷം റോസ് ചെടികളാണുള്ളത്.
സരാവത് പർവതനിരകളുടെ ചരിവുകളിലുള്ള അൽഹദാ, അൽഷഫാ എന്നീ ഉയർന്ന പ്രദേശങ്ങളിലാണ് പ്രധാനമായും ഈ ഫാമുകൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം 45 ദിവസം നീളുന്ന വിളവെടുപ്പ് സീസണിൽ പ്രതിവർഷം 55 കോടിയിലധികം റോസാപ്പൂക്കളാണ് ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നത്. മിതമായ താപനില, ജലലഭ്യത, ഫലഭൂയിഷ്ഠമായ താഴ്‌വരകൾ എന്നിവ ത്വാഇഫ് റോസാപ്പൂക്കൾക്ക് അനുയോജ്യമായ പ്രകൃതിദത്തമായ അന്തരീക്ഷം ഒരുക്കുന്നു.
കാലാവസ്ഥാ സാഹചര്യങ്ങൾ അനുകൂലമായത് ഇത്തവണ പൂക്കളുടെ സാന്ദ്രത വർധിപ്പിക്കാൻ സഹായിച്ചതായും ഇത് വിളവെടുപ്പിനെ ഗുണപരമായി ബാധിച്ചതായും കർഷകനായ ഖലഫ് ജാബർ അൽതുവൈർഖി പറഞ്ഞു. സീസണിെൻറ പാരമ്യത്തിൽ ഓരോ ഫാമിലും പ്രതിദിനം ആയിരക്കണക്കിന് പൂക്കളാണ് വിരിയുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധതൈലങ്ങളിൽ ഒന്നായ റോസ് ഓയിൽ ഉൽപാദിപ്പിക്കാൻ ഇത്തരത്തിൽ വൻതോതിൽ പൂക്കൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോസ് ഉൽപാദനത്തിലെ ഈ വർധന മേഖലയിലെ വിനോദസഞ്ചാര രംഗത്തും വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്.
വിളവെടുപ്പ് സീസണിൽ അൽ ഹദയിലെയും അൽ ഷഫയിലെയും ഫാമുകളിലേക്ക് സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോസാപ്പൂക്കളുടെ വിളവെടുപ്പും അവ വാറ്റിയെടുക്കുന്ന ഘട്ടങ്ങളും നേരിട്ട് കാണുന്നതിനും ഗവർണറേറ്റിന്റെ കാർഷിക പാരമ്പര്യത്തിെൻറ ഭാഗമായ ഈ കരകൗശല വിദ്യയെക്കുറിച്ച് പഠിക്കാനും ധാരാളം ആളുകൾ എത്തുന്നുണ്ടെന്ന് ടൂറിസം ഗൈഡ് അബ്ദുല്ല അൽസഹ്‌റാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

