ജിസാനിൽ റോസ് കൃഷി വികസിപ്പിക്കുന്നു; റോസ് സിറ്റികളും നഴ്സറികളും സംസ്കരണ ശാലയുമായി ‘റീഫ് സൗദി’
text_fieldsറിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ റോസ് കൃഷിയും സുഗന്ധ സസ്യങ്ങളുടെ ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്നതിനായി വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് ‘റീഫ് സൗദി’ (സുസ്ഥിര ഗ്രാമീണ കാർഷിക വികസന പരിപാടി). മേഖലയിലെ ചെറുകിട കർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വിഷൻ 2030-െൻറ ഭാഗമായി ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി തന്ത്രപ്രധാനമായ റോസ് നഗരങ്ങളും അത്യാധുനിക ഫാക്ടറികളും സജ്ജമായതായി അധികൃതർ അറിയിച്ചു.
പദ്ധതിയെക്കുറിച്ച് റീഫ് സൗദി വക്താവ് മാജിദ് അൽ ബുറൈകാൻ വ്യക്തമാക്കിയ വിവരങ്ങൾ ഇനി പറയുന്നവയാണ്. ജിസാൻ മേഖലയിലെ അഹദ് അൽ മസാരിഹ, അബു ആരിഷ് എന്നിവിടങ്ങളിലായി റോസ് സിറ്റികളും നഴ്സറികളും സ്ഥാപിച്ചു. സുഗന്ധദ്രവ്യങ്ങൾ വേർതിരിച്ചെടുക്കുന്നതിനുള്ള പ്രത്യേക ഫാക്ടറിയും അബു ആരിഷിലെ നാഷfൽ പാർക്കിനോട് ചേർന്ന് പ്രവർത്തനസജ്ജമായിട്ടുണ്ട്. ത്വാഇഫിൽ ഒരു റോസ് സെൻറർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സാങ്കേതിക പഠനങ്ങൾക്കായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജിസാനിലെ റോസ് സിറ്റി പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്. പുത്തൻ സുഗന്ധ സസ്യങ്ങളെ ജിസാനിലേക്ക് പരിചയപ്പെടുത്തുകയും വിളവെടുപ്പിനും ഗതാഗതത്തിനുമായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക, പുനരുൽപ്പാദിപ്പിച്ച ജലം കൃഷിക്കായി കാര്യക്ഷമമായി വിനിയോഗിക്കുക, കൃഷിയിലും സംസ്കരണത്തിലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് യുവാക്കൾക്കും യുവതികൾക്കും പ്രത്യേക പരിശീലനം നൽകുക എന്നിവയാണ് റോസ് സിറ്റി പദ്ധതിയിൽ നടപ്പാക്കുക.
ഹൈടെക് കൺട്രോൾ സംവിധാനങ്ങളുള്ള ഹരിതഗൃഹങ്ങളും (ഗ്രീൻ ഹൗസ്) മാതൃകാ ഫാമുകളും ഇതിെൻറ ഭാഗമായി നിർമിച്ചു. റോസ് ഓയിൽ വേർതിരിച്ചെടുക്കുന്നതിനായി 2,000 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തൃതിയിലാണ് പുതിയ ഫാക്ടറി നിർമിച്ചിരിക്കുന്നത്. കർഷകർക്കും എൻജിനീയർമാർക്കും എണ്ണ വേർതിരിച്ചെടുക്കുന്നതിലെ പുതിയ സാങ്കേതിക വിദ്യകളിൽ ഇവിടെ പരിശീലനം നൽകും. ഗുണമേന്മയുള്ള തൈകൾ ഉൽപാദിപ്പിക്കുക, പ്രകൃതിദത്തമായ റോസ് ഇനങ്ങളെ സംരക്ഷിക്കുക, ആധുനിക രീതിയിലൂടെ മികച്ച റോസ് ഓയിൽ ഉൽപാദിപ്പിക്കുക എന്നിവയാണ് ഈ പദ്ധതികളിലൂടെ റീഫ് സൗദി ലക്ഷ്യമിടുന്നത്. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കാർഷിക മേഖലയെ ലാഭകരമായ ഒരു വ്യവസായമായി മാറ്റാനുള്ള ശ്രമത്തിലാണ് ‘റീഫ് സൗദി’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

