റോസാപ്പൂകൃഷിയും ഉൽപന്നങ്ങളും; അപൂർവ കാഴ്ചയൊരുക്കി ത്വാഇഫ്
text_fieldsത്വാഇഫിലെ റോസാപ്പൂ ഫാക്ടറിയിെല കാഴ്ച
യാംബു: റോസാപ്പൂ വസന്തത്തിന് രാജ്യത്ത് പേരുകേട്ട താഇഫിൽ വിളവെടുപ്പു കാലത്ത് നടക്കുന്ന പുഷ്പമേളക്ക് കോവിഡ് പ്രതിസന്ധി പൊലിമ കുറച്ചെങ്കിലും പരിമിതമാെയങ്കിലും ആഘോഷമാകി പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് റോസാപ്പൂ കർഷകർ. സൗദിയിലെ പ്രധാന വിനോദ സഞ്ചാരമേഖലയും കാർഷിക മേഖലയുമായ ത്വാഇഫിൽ പുഷ്പമേളക്ക് ഒട്ടേറെ വിനോദസഞ്ചാരികൾ എത്താറുണ്ട്.
900 റോസാപ്പൂത്തോട്ടങ്ങളും റോസാപ്പൂ ഉൽപന്നങ്ങൾക്കായുള്ള ഇരുപതിലേറെ ഫാക്ടറികളും ഇവിടെയുണ്ട്. വർഷത്തിൽ 33 ദശലക്ഷം റോസാപ്പൂക്കളാണ് ഇവിടെ വിളവെടുക്കുന്നത്. ശഫാ, ബനു സഅദ്, അന്നുഹദ തുടങ്ങിയ കാർഷിക മേഖലകളിലാണ് വർണാഭമായ കാഴ്ചയൊരുക്കി റോസാപ്പൂത്തോട്ടമുള്ളത്.
ത്വാഇഫിൽ പരമ്പരാഗതമായി കൃഷിചെയ്യുന്ന പിങ്ക് നിറത്തിലുള്ള രണ്ടു തരം റോസാപ്പൂക്കളാണ് ഏറെ ശ്രദ്ധേയം. സൗന്ദര്യത്തിലും സുഗന്ധത്തിലും വേറിട്ടു നിൽക്കുന്ന ഇവ ത്വാഇഫിലെ ഏതു കാലാവസ്ഥയിലും വളരുന്നുവെങ്കിലും വസന്ത കാലത്താണ് കൂടുതൽ പൂക്കൾ ലഭിക്കുന്നത്. 1,800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പർവത പ്രദേശത്ത് എപ്പോഴും മിതമായ കാലാവസ്ഥയാണ്. ഇത് റോസാപൂച്ചെടികളുടെ വളർച്ചക്ക് അനുകൂല ഘടകമാണ്. കർഷകർ ശാസ്ത്രീയ പരിചരണം നൽകിയാണ് റോസാപ്പൂ പെരുമ കാത്ത് സൂക്ഷിക്കുന്നത്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിളവെടുപ്പ് കാലമായതിനാൽ കർഷകർ തിരക്കിലമരും. ത്വാഇഫിലെ റോസാപ്പൂ ഫാക്ടറികളിൽ നിന്ന് വിവിധ ഉൽപന്നങ്ങളാണ് നിർമിക്കുന്നത്. സൗന്ദര്യ വർധക ആവശ്യങ്ങൾക്കുള്ള റോസ് വാട്ടർ, ഭക്ഷണത്തിലും പാനീയങ്ങളിലും ഉപയോഗിക്കുന്ന സാധാരണ റോസ് വാട്ടർ, റോസ് ഓയിൽ, ഡീലക്സ് പെർഫ്യൂം തുടങ്ങിയവ ഇവിടെ നിർമിക്കുന്നു. പിങ്ക് റോസ് പൂക്കളിൽ നിന്ന് 70ലധികം ഉൽപന്നങ്ങളുടെ നിർമാണത്തിനാവശ്യമായ വസ്തുക്കൾ ഇവിടത്തെ ഫാക്ടറികളിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
ഇവിടത്തെ റോസാപ്പൂ കൃഷിക്കും അതിൽനിന്നുള്ള ഉൽപന്നങ്ങൾക്കും കാർഷിക മന്ത്രാലയവും വിവിധ സർക്കാർ ഏജൻസികളും വർധിച്ച പിന്തുണയും പ്രോത്സാഹനവുമാണ് നൽകുന്നത്. പൂക്കൃഷി കൈനിറയെ പണം ലഭിക്കുന്നതിനൊപ്പം മനം കുളിർപ്പിക്കുന്ന ജോലിയാണെന്ന് കർഷകർ പറയുന്നു. മണ്ണിളക്കി തടമെടുത്ത് അരയടി അകലത്തിലാണ് റോസത്തൈ നടുന്നത്. പൂ പറിക്കാനും വളമിടാനും കളകൾ പിഴുതുമാറ്റാനുമാണ് അകലം നിലനിർത്തുന്നത്. ജൈവവളങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. അത്യവശ്യത്തിന് മാത്രമേ ജൈവകീടനാശിനി പ്രയോഗിക്കാറുള്ളൂവെന്ന് കർഷകർ പറഞ്ഞു. റോസാപ്പൂകൃഷിയുടെ വിപണി സാധ്യതകൾ തന്നെയാണ് ധാരാളം സ്വദേശി കർഷകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

