വിജയകരം; റോബോട്ടിന്റെ സഹായത്തോടെ ഓപൺ ഹാർട്ട് സർജറി
text_fieldsഅൽഖോബാറിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന റോബോട്ടിക് ഓപൺ ഹാർട്ട് സർജറി
അൽഖോബാർ: റോബോട്ടിന്റെ സഹായത്തോടെ അൽഖോബാറിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന ആദ്യത്തെ ഓപൺ ഹാർട്ട് സർജറി വിജയകരം. ആൻജെന പെക്റ്റോറിസ് ബാധിച്ച 58 വയസ്സുള്ള ഒരു രോഗിക്കാണ് കാർഡിയാക് കത്തീറ്ററൈസേഷൻ വഴി മൂന്ന് ധമനികൾ മാറ്റിവെച്ചത്. ഇയാളുടെ ഹൃദയത്തിലേക്കുള്ള മൂന്ന് ധമനികൾ ചുരുങ്ങിയതായി കണ്ടെത്തിയിരുന്നു.
ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങി ചില രോഗങ്ങളും രോഗിക്ക് അനുഭവപ്പെട്ടിരുന്നു. കൺസൾട്ടൻറ് കാർഡിയാക് സർജൻ ഡോ. ഫഹദ് അൽ മഖ്ദൂമിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. തുറന്ന ഹൃദയ ശസ്ത്രക്രിയകൾക്ക് ഉയർന്ന കൃത്യതയും വൈദഗ്ധ്യവും ആവശ്യമാണ്. അതിനാൽ ഈ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യമായും ഫലപ്രദമായും നടപ്പാക്കുന്നതിനാണ് റോബോട്ടിക് സർജറി സംവിധാനം വികസിപ്പിച്ചെടുത്തത്. സൂക്ഷ്മവും കൃത്യവുമായ ചലനങ്ങൾ നടത്താൻ കഴിയുന്നതിനാൽ മനുഷ്യപരമായ പിശകുകളുടെ സാധ്യത കുറക്കുകയും ഓപറേഷന്റെ വിജയനിരക്ക് വർധിപ്പിക്കുകയും ചെയ്യുന്നു.
വലിയ മുറിവുകൾക്ക് പകരം വളരെ പരിമിതമായ ഓപണിങ് ഉപയോഗിക്കാനും റോബോട്ട് സഹായിക്കുന്നു. രക്തനഷ്ടം പോലുള്ള ഓപറേഷന്റെ സങ്കീർണതകൾ കുറക്കുകയും സുഖം പ്രാപിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും ആവശ്യമായ സമയം കുറക്കുകയും ചെയ്യുന്നു. ഇത് രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത് ത്വരിതപ്പെടുത്തുന്നു.
ഇത്തരം ഓപറേഷനുകൾ നടത്തുന്ന രാജ്യത്തെ ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നാണ് അൽഖോബാറിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ആശുപത്രി ഹാർട്ട് സെൻറർ. റോബോട്ട് ഉപയോഗിച്ച് തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തുന്ന കിഴക്കൻ പ്രവിശ്യയിലെ ആദ്യത്തെ കേന്ദ്രമാണിത്. ഈ നേട്ടം രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ മികവും രോഗിക്ക് മികച്ച ഫലങ്ങൾ നേടുന്നതിന് ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും ഉപയോഗിക്കാനുമുള്ള മെഡിക്കൽ സെൻററുകളുടെ കഴിവ് തെളിയിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

