കാറിടിച്ചു വീഴ്ത്തി കവർച്ച; വിദേശിയെ ആക്രമിച്ചവർ അറസ്റ്റിൽ
text_fieldsദമ്മാം: വിദേശിയെ കാറിടിച്ചുവീഴ്ത്തി പഴ്സും മൊബൈൽ ഫോണും തട്ടിയെടുത്ത കവർച്ചസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിലാണ് വിദേശി അതിക്രമത്തിന് ഇരയായത്. രണ്ടംഗസംഘത്തെയാണ് ഖത്വീഫ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗദി യുവാക്കളാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റയാൾ ആശുപത്രി വിട്ടു.
ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വിജനമായ സമയത്ത് സൈഹാത്തിലെ റോഡ് സൈഡിലൂടെ നടന്നുപോകുന്നതിനിടെയാണ് വിദേശിയെ പിന്നിലൂടെ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
സംഭവസ്ഥലത്ത് ഡ്രൈവർ കാർ നിർത്തുകയും സഹയാത്രികനായ കൂട്ടാളി കാറിൽനിന്ന് ഇറങ്ങി വിദേശിയെ ദേഹപരിശോധന നടത്തി പഴ്സും മൊബൈൽ ഫോണും കൈക്കലാക്കി കാറിൽ കയറുകയും ഇരുവരും കാറിൽ രക്ഷപ്പെടുകയുമായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞാണ് പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

