ത്വാഇഫിലെ റോഡുകളെ വെള്ളപുതച്ച് ആലിപ്പഴ വർഷം
text_fieldsത്വാഇഫിലെ റോഡുകളിൽ ബുധനാഴ്ചയുണ്ടായ ആലിപ്പഴ വർഷത്തെ തുടർന്ന് അടിഞ്ഞുകൂടിയ മഞ്ഞ് മുനിസിപ്പാലിറ്റി ജോലിക്കാർ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുന്നു
ത്വാഇഫ്: ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുവീഴ്ച പോലെ ത്വാഇഫിൽ വിസ്മയകരമായ ആലിപ്പഴ വർഷം. പട്ടണത്തിൽ ബുധനാഴ്ചയാണ് മഴയെ തുടർന്ന് വീഥികളെയും ഉദ്യാനങ്ങളെയും വീടുകളെയും പൊതിഞ്ഞ് കനത്ത ആലിപ്പഴങ്ങൾ വർഷിച്ചത്. റോഡുകളിൽ അട്ടിയായി മഞ്ഞടിഞ്ഞ് കൂടി ഗതാഗതം പോലും തടസപ്പെടുന്ന സ്ഥിതിയുണ്ടാക്കി. വലിയ മഞ്ഞുകട്ടകളാണ് ആലിപ്പഴമായി പതിച്ചത്.
ത്വാഇഫ് പട്ടണത്തിെൻറ വടക്ക് ഭാഗങ്ങളിലെ റോഡുകളിലാണ് പ്രധാനമായും ഈ പ്രതിഭാസമുണ്ടായത്. ഈ ഭാഗത്തെ നിരവധി റോഡുകളിലെ ഗതാഗതത്തെ പൂർണമായും തടസ്സപ്പെടുത്തി. ഓടി വന്ന വാഹനങ്ങൾ മഞ്ഞിൽപ്പുതഞ്ഞ് ചലനമറ്റ് കിടപ്പിലായി. വലിയ കല്ലുകൾ പോലെ ആലിപ്പഴം പതിച്ച് പല വാഹനങ്ങൾക്കും കാര്യമായ കേടുപാടുകളുണ്ടായി. ത്വാഇഫ് - റിയാദ് റോഡിലും ആലിപ്പഴ വർഷമുണ്ടായി.
മുസിപ്പാലിറ്റിക്ക് കീഴിലെ തൊഴിലാളികൾ എത്തി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണിക്കൂറുകളുടെ ശ്രമഫലമായി അടിഞ്ഞുകൂടിയ ആലിപ്പഴം റോഡുകളിൽ നിന്ന് നീക്കം ചെയ്തു. മഞ്ഞിൻ വെൺമ പുതച്ച ത്വാഇഫിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. റെക്കോഡ് സമയത്തിനുള്ളിൽ ആലിപ്പഴം നീക്കം ചെയ്യാനും റോഡിലെ ഗതാഗതം സാധാരണ നിലയിലാക്കാനും ജോലിക്കാർക്ക് സാധിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
കാലാവസ്ഥ വകുപ്പിെൻറ അറിയിപ്പുകൾ നിരന്തരം പിന്തുടരുന്നുണ്ട്. മഴയെ തുടർന്നുണ്ടാകുന്ന ഏത് പ്രശ്നങ്ങളും പെെട്ടന്ന് പരിഹരിക്കാനും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനും ഫീൽഡ് ടീം പ്രവർത്തന രംഗത്തുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.