റിയാദിൽനിന്ന് അൽ ഖസീമിലേക്ക് നാല് വഴികൾ: യാത്രക്കാർക്ക് സൗകര്യമൊരുക്കി റോഡ്സ് അതോറിറ്റി
text_fieldsറിയാദ്: സൗദിയിലെ പ്രമുഖ വിനോദസഞ്ചാര-കാർഷിക കേന്ദ്രമായ അൽ ഖസീമിലേക്ക് റിയാദിൽനിന്ന് യാത്ര ചെയ്യുന്നവർക്കായി നാല് പ്രധാന പാതകൾ സൗദി റോഡ്സ് ജനറൽ അതോറിറ്റി പരിചയപ്പെടുത്തി. ചരിത്രപ്രസിദ്ധമായ കൊട്ടാരങ്ങളും വിശാലമായ കൃഷിയിടങ്ങളും നേരിട്ടറിയാൻ എത്തുന്ന സഞ്ചാരികൾക്ക് യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് ഇതിെൻറ ലക്ഷ്യം.
യാത്രക്കാരുടെ സൗകര്യമനുസരിച്ച് വ്യത്യസ്ത ദൂരവും സമയവുമുള്ള വഴികൾ തെരഞ്ഞെടുക്കാം. ഇതിൽ ഏറ്റവും വേഗത്തിൽ എത്താവുന്ന ഒന്നാം പാത റിയാദിൽനിന്ന് ആരംഭിച്ച് അൽ മജ്മഅഃ വഴിയാണ് അൽ ഖസീമിലെത്തുന്നത്. 342 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്രക്ക് മൂന്നര മണിക്കൂർ സമയമെടുക്കും. ദറഇയ, ഹുറൈമില, ശഖ്‌റ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന രണ്ടാമത്തെ പാതക്ക് 394 കിലോമീറ്റർ ദൂരവും നാല് മണിക്കൂർ യാത്രാസമയവുമാണുള്ളത്.
മൂന്നാമത്തെ പാത മുസാഹ്മിയ, ദുർമ, ശഖ്‌റ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നു. 397 കിലോമീറ്റർ ദൈർഘ്യമുള്ള ഇതിലൂടെയുള്ള യാത്രക്കും നാല് മണിക്കൂർ സമയമെടുക്കും. നാലാമത്തെ പാത അൽ ഖുവയ്യിയ, അൽ മുഹമ്മദിയ, സാജിർ വഴി കടന്നുപോകുന്നതാണ്. 691 കിലോമീറ്റർ ദൈർഘ്യമുള്ള ഈ വലിയ യാത്ര പൂർത്തിയാക്കാൻ ഏകദേശം ആറ് മണിക്കൂർ സമയമെടുക്കും.
സൗദിയുടെ വടക്കൻ-മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ ഖസീം രാജ്യത്തെ ഏറ്റവും വലിയ കാർഷിക മേഖലകളിലൊന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈന്തപ്പന തോട്ടങ്ങളിൽ ഒന്നും ഏറ്റവും വലിയ ഈത്തപ്പഴ വിപണിയും അൽ ഖസീമിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ യാത്രാസൗകര്യങ്ങൾ മേഖലയുടെ വിനോദസഞ്ചാര-സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജമേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

