‘റോഡ്സ് ഒാഫ് അറേബ്യ’ പ്രദർശനം ഏഴുവർഷത്തിന് ശേഷം വീണ്ടും റിയാദിൽ
text_fieldsറിയാദ്: സൗദി അറേബ്യയുടെ പുരാവസ്തു ശേഖരത്തിലെ അമൂല്യ വസ്തുക്കൾ വീണ്ടും റിയാദിലെത്തുന്നു. ലോകപ്രശസ്തമായ ‘റോഡ്സ് ഒാഫ് അറേബ്യ’ പ്രദർശനമാണ് വിവിധ ഭൂഖണ്ഡങ്ങളിലെ സന്ദർശനത്തിന് ശേഷം തിരിച്ചെത്തുന്നത്. 2010 ലാണ് ഇൗ വസ്തുക്കൾ ലോകത്തെ പ്രമുഖ കാഴ്ച ബംഗ്ലാവുകളിൽ പ്രദർശിപ്പിക്കാനായി കൊണ്ടുപോയത്. റിയാദിൽ നവംബർ ഏഴിന് ആരംഭിക്കുന്ന പ്രഥമ സൗദി ആർക്കിയോളജി കൺവെൻഷെൻറ ഭാഗമായാണ് മടങ്ങിവരവ്. 50 ദിവസത്തോളം ഇവ റിയാദിലുണ്ടാകും. സൗദി അറേബ്യയുടെ സമൃദ്ധമായ ചരിത്രത്തിെൻറ പ്രതീകങ്ങൾ നേരിട്ട് കാണാൻ തലസ്ഥാന വാസികൾക്ക് അങ്ങനെ അവസരമൊരുങ്ങുകയാണ്.
ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ നാഷനൽ മ്യൂസിയത്തിലാണ് ‘റോഡ്സ് ഒാഫ് അറേബ്യ’ അവസാനമായി പ്രദർശിപ്പിച്ചത്. രണ്ടുമാസം നീണ്ട പ്രദർശനം ആഗസ്റ്റ് അവസാനം കഴിഞ്ഞിരുന്നു. ചൈനയിലെ ബീജിങ്ങ് പ്രദർശനത്തിന് ശേഷമാണ് കൊറിയയിലേക്ക് കൊണ്ടുപോയത്. ഏഴുവർഷം കൊണ്ട് മൊത്തം 11 ഇടങ്ങളിലാണ് ‘റോഡ്സ് ഒാഫ് അറേബ്യ’ പര്യടനം നടത്തിയത്. ചൈനക്കും കൊറിയക്കും പുറമേ, നാലു യൂറോപ്യൻ നഗരങ്ങളിലും അഞ്ചു അമേരിക്കൻ നഗരങ്ങളിലും.
ലോക പ്രശസ്തമായ പാരീസിലെ ലൂവ്റ് മ്യൂസിയത്തിൽ നിന്നാണ് 2010 ൽ തുടങ്ങിയത്. പിന്നീട് സ്പെയിനിലെ ബാർസലോനയിലുള്ള ലാ ഷൈക്സ ഫൗണ്ടേഷൻ, മോസ്കോയിലെ ഹെർമിറ്റേജ് മ്യൂസിയം, ബെർലിനിലെ പെർഗാമൻ മ്യൂസിയം എന്നിവിടങ്ങളിലെ പ്രദർശനത്തിന് ശേഷം അമേരിക്കയിലേക്ക് തിരിച്ചു. അവിടെ വാഷിങ്ടണിലെ സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ, പിറ്റ്സ്ബർഗിലെ കാർനഗി മ്യൂസിയം, ഹൂസ്റ്റൺ ഫൈൻ ആർട്സ് മ്യൂസിയം, കൻസാസിലെ നെൽസൺ അറ്റ്കിൻസ് മ്യൂസിയം, സാൻ ഫ്രാൻസിസ്കോയിലെ ഏഷ്യൻ ആർട്സ് മ്യൂസിയം എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചു. പിന്നീടാണ് ചൈനയിലേക്കും ഒടുവിൽ കൊറിയയിലും എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
