‘റോഡ് മക്ക’ പദ്ധതി ഈ വർഷം 10 രാജ്യങ്ങളിൽ തീർഥാടകരുടെ യാത്രാനടപടികൾ 40 സെക്കൻറിനുള്ളിൽ
text_fieldsമക്ക: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സുഗമവും വേഗത്തിലുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കുന്ന ‘റോഡ് മക്ക’ പദ്ധതി ഈ വർഷം 10 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. സൗദി ആഭ്യന്തര മന്ത്രാലയവും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയും സംയുക്തമായി വികസിപ്പിച്ച അത്യാധുനിക എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ എട്ടാം വർഷത്തിൽ 10 രാജ്യങ്ങളിലായി ആകെ 17 എൻട്രി പോയിൻറുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. പുതിയതായി വികസിപ്പിച്ചെടുത്ത മൊബൈൽ ഉപകരണത്തിലൂടെ തീർഥാടകരുടെ യാത്രാനടപടികൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഓരോ തീർഥാടകന്റെയും പാസ്പോർട്ട് പരിശോധന, ബയോമെട്രിക് ഡാറ്റാ ശേഖരണം, മുഖചിത്രങ്ങൾ എടുക്കൽ എന്നിവയുൾപ്പെടെയുള്ള പ്രക്രിയകൾ വെറും 40 സെക്കൻറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
തീർഥാടകരുടെ മാതൃരാജ്യങ്ങളിൽ വെച്ചുതന്നെ ഇലക്ട്രോണിക് വിസ അനുവദിക്കുന്നത് മുതൽ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് വരെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ഈ സംരംഭം സഹായിക്കുന്നു. ഇത് വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് ഒഴിവാക്കി തീർഥാടനം സുഗമമാക്കും. പ്രത്യേകിച്ച് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപകരണം വലിയ രീതിയിൽ പ്രയോജനപ്പെടും. രേഖകളുടെയും വിസകളുടെയും സാധുത അതീവ കൃത്യതയോടെ പരിശോധിക്കാനും പുതിയ സംവിധാനം വഴിയൊരുക്കുന്നു.
മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കിയ, ഐവറി കോസ്റ്റ്, മാലിദ്വീപ് എന്നീ രാജ്യങ്ങൾക്ക് പുറമെ ഇത്തവണ ആദ്യമായി സെനഗൽ, ബ്രൂണൈ എന്നീ രാജ്യങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രവേശന പോയിൻറുകളിലെ കാര്യക്ഷമത വർധിപ്പിക്കാനും നൂതന സാങ്കേതികവിദ്യയിലൂടെ തീർഥാടകർക്ക് മികച്ച അനുഭവം നൽകാനുമാണ് ഈ സംരംഭത്തിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
