റിയാദ് പ്രഖ്യാപനത്തോടെ അറബ്, ഇസ്ലാമിക്, യു.എസ് ഉച്ചകോടിക്ക് സമാപനം
text_fieldsറിയാദ്: മധ്യപൗരസ്ത്യ സഖ്യം 2018ല്‍ നിലവില്‍ വരുമെന്ന റിയാദ് പ്രഖ്യാപനത്തോടെ സൗദി തലസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന അറബ്, ഇസ്ലാമിക്, അമേരിക്കന്‍ ഉച്ചകോടിക്ക് തിരശീല വീണു. മുഖ്യമായും അഞ്ച് തലക്കെട്ടില്‍ 20ഒാളംനടപടികള് ഉള്‍ക്കൊള്ളുന്നതാണ് 55 രാജ്യങ്ങളുടെ അംഗീകാരത്തോടെ സംയുക്തമായി പ്രഖ്യാപിച്ച റിയാദ് പ്രഖ്യാപനത്തിലുള്ളത്. തീവ്രവാദത്തെ തടയല്‍, ആരോഗ്യകരവും സൗഹൃദപരവുമായ സഹവര്‍ത്തിത്വം, വിഭാഗീയത ചെറുക്കല്‍, കടൽക്കൊള്ള ഇല്ലായ്മ ചെയ്ത് യാത്ര സുരക്ഷിതമാക്കല്‍ എന്നിവയാണ് പ്രധാനം.
തീവ്രവാദത്തെ തടയാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള മധ്യപൗരസ്ത്യ സഖ്യം 2018ലാണ് നിലവില്‍ വരിക. ഏതെല്ലാം രാജ്യങ്ങൾ സഖ്യത്തില്‍ അംഗങ്ങളാകുമെന്നതും അപ്പോഴാകും പ്രഖ്യാപിക്കുക. സഹവര്‍ത്തിത്വത്തിലൂടെ യമനിലെ ഛിദ്രതയും വിമതശല്യവും ചെറുക്കല്‍ എന്നിവ ഇതിെൻറ ഭാഗമാണ്. 34,000 ഭടന്മാരുള്ള സൈന്യത്തിന് രൂപം നല്‍കാനും ഉച്ചകോടിയില്‍ ധാരണയായി. അംഗരാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര കരാറുകളും നയതന്ത്ര മര്യാദകളും പാലിച്ചിരിക്കണം. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് തടയാന്‍ റിയാദ് ആസ്ഥാനമായി പ്രത്യേക കേന്ദ്രത്തിന് രൂപം നല്‍കും. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും സുരക്ഷ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കണമെന്നും റിയാദ് പ്രഖ്യാപനത്തില്‍ പറയുന്നു.
ആരോഗ്യകരമായ സഹവര്‍ത്തിത്വത്തിന് പരസ്പര ആദരവും സംവാദവും പ്രോല്‍സാഹിപ്പിക്കുക, ഇസ്ലാം മധ്യമ നിലപാടും മിതത്വവും മുഖമുദ്രയായുള്ള മതമാണെന്ന് ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുക, മതസംവാദത്തിന് സൗദി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കേന്ദ്രത്തിെൻറ സാധ്യതകൾവികസിപ്പിക്കുക എന്നതുംറിയാദ് പ്രഖ്യാപനത്തില്‍ ഊന്നിപ്പറയുന്നു. ഇറാന് മേഖലയില്‍ പ്രചരിപ്പിക്കുന്ന വിഭാഗീയതയും വിഘടനവാദവും ലോകത്തിന് അപകടമാണെന്നതിനാല്‍ അതിനെ ചെറുത്ത് തോല്പിക്കുക, മേഖലയിലെ രാഷ്്ട്രങ്ങളുടെ സുരക്ഷക്ക് ഇറാന് സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കുക, നല്ല അയല്പക്ക ബന്ധവും നയതന്ത്ര മര്യാദകളും പാലിക്കാന്‍ ഇറാനെ പ്രേരിപ്പിക്കുക, ഇറാെൻറ ബാലിസ്റ്റിക് മിസൈലുകള്‍ അയല്‍ രാഷ്ട്രങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുക, വിയന്ന കരാറിന് വിരുദ്ധമായ ഇറാെൻറ നീക്കങ്ങളെ അപലപിക്കുക എന്നിവയും റിയാദ് പ്രഖ്യാപനം വ്യക്തമാക്കുന്നു.
പ്രഖ്യാപനത്തിെൻറ തുടര്‍ നടപടികള്‍ക്ക് സൗദിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
