റിയാദ് സീസൺ: സുവൈദി കലാ നഗരിക്ക് ഇന്ന് കൊടിയേറ്റം; ആദ്യ വാരം ഇന്ത്യൻ ഉത്സവങ്ങൾ
text_fieldsറിയാദ്: തലസ്ഥാന നഗരിയെ വിനോദ വിസ്മയലോകത്തേക്ക് ആനയിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക വിനോദോത്സവമായ റിയാദ് സീസന്റെ പ്രവാസ വേദിയായ സുവൈദി പാർക്ക് ഉത്സവത്തിന് ഇന്ന് കൊടിയേറും. വ്യത്യസ്ത രാജ്യങ്ങൾക്ക് പ്രത്യേക ദിനങ്ങൾ നിശ്ചയിച്ച വേദിയിൽ ആദ്യവാരം ഇന്ത്യൻ ഉത്സവമാണ്. ഞായഞാഴ്ച മുതൽ നവംബർ 10 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത കല, സാംസ്‌കാരിക, രുചി വൈവിധ്യങ്ങളും സുവൈദി പാർക്കിലുണ്ടാകും.
റിയാദിലെ ഏറ്റവും വലിയ കലാ നഗരമായ ബോളീവാർഡ് ഉൾപ്പെടെ വ്യത്യസ്ത പരിപാടികൾ അരങ്ങേറുന്ന റിയാദ് സീസണിലെ പ്രധാന വേദികളിലൊന്നാണ് സുവൈദി പാർക്ക്. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, ലെവാന്ത്, യെമൻ, പാകിസ്താൻ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ഉഗാണ്ട, എത്യോപ്യ, സുഡാൻ എന്നിങ്ങനെ 11 രാജ്യങ്ങളുടെയും മേഖലയുടെയും പരിപാടികളാണ് ഡിസംബർ 14 വരെ വേദിയിലുണ്ടാകുക. നവംബർ രണ്ട് മുതൽ 10 വരെയുള്ള ആദ്യത്തെ ഒമ്പത് ദിവസങ്ങൾ ഇന്ത്യക്കാണ് അനുവദിച്ചിട്ടുള്ളത്.
11 മുതൽ 14 വരെ ബംഗ്ലാദേശ്, 15 മുതൽ 17 വരെ ഈജിപ്ത്, 18 മുതൽ 20 വരെ ലെവാന്ത്, 21 മുതൽ 28 വരെ യമൻ, 29 മുതൽ ഡിസംബർ ഒന്ന് വരെ പാകിസ്ഥാൻ, ഡിസംബർ രണ്ട് മുതൽ നാല് വരെ ഇന്തോനേഷ്യ, അഞ്ച് മുതൽ എട്ട് വരെ ഫിലിപ്പൈൻസ്, ഒമ്പത്, 10 തീയതികളിൽ ഉഗാണ്ട, 11 മുതൽ 13 വരെ എത്യോപ്യ, 14 മുതൽ 20 വരെ സുഡാൻ എന്നിങ്ങനെയാണ് രാജ്യങ്ങളുടെ പട്ടിക ക്രമപ്പെടുത്തിയിരിക്കുന്നത്. സന്ദർശകർക്ക് പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. എന്നാൽ webook.com വെബ്‌സൈറ്റ് വഴിയോ ആപ്പിലൂടെയോ സൗജന്യ ടിക്കറ്റ് എടുക്കണം.
ആഗോള സംസ്കാരങ്ങളുടെ വിനിമയ വേദിയിലേക്ക് സ്വദേശികളും വിദേശികളും ഉൾപ്പെടെ പതിനായിരങ്ങൾ സന്ദർശകരായെത്തും. ഓരോ രാജ്യത്തിന്റെയും വ്യത്യസ്ത മേഖലയിലെ സംസ്കാരങ്ങൾ ഭക്ഷണശാലകൾ, ആർട്ട് പ്രദർശനം, നൃത്തങ്ങൾ, സംഗീതം, പൈതൃകം തുടങ്ങി എല്ലാ കല, സാംസ്കാരിക വൈവിധ്യങ്ങളും വേദിയിൽ അരങ്ങേറും. വ്യത്യസ്ഥ ദേശക്കാരായെത്തുന്ന കാഴ്ചക്കാരിലേക്ക് രാജ്യത്തെ പരിചയപ്പെടുത്താനുള്ള അപൂർവ അവസരം കൂടിയാണ് സുവൈദി പാർക്ക് വേദി വഴി റിയാദ് സീസൺ സമ്മാനിക്കുന്നത്.
ഒരാഴ്ചയിലധികം നീളുന്ന ഇന്ത്യൻ ഉത്സവത്തിന് വലിയ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലാകെ ഏകദേശം 28 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇതിൽ വലിയൊരു വിഭാഗം തലസ്ഥാന നഗരിയായ റിയാദിലുണ്ട്. സൗദിയിൽ സാംസ്‌കാരിക, കലാ സംഘടനകൾ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങൾക്കും ജില്ലകൾക്കുമെല്ലാം അതാത് കൂട്ടായ്മകളുണ്ട്.
ഇതിന് പുറമെ വിവിധ നാട്ടുകൂട്ടങ്ങളും കലാ, സാംസ്‌കാരിക സംഘടനകളും വേറെയുമുണ്ട്. എല്ലാവരുടെയും സംഗമ ഭൂമി കൂടിയായിരിക്കും സുവൈദി പാർക്. റിയാദ് സീസന്റെ പ്രധാന വേദി ബോളീവാർഡ് ആണെങ്കിലും സുവൈദി പാർക്കിലേക്ക് പ്രവേശനം സൗജന്യമാകുന്നതോടെ സാധാരണക്കാരുടെ ആസ്വാദന ഇടം ഈ വേദിയാകും.
കൊടും ചൂടിൽ നിന്ന് തണുപ്പിലേക്ക് മാറുന്ന ഏറ്റവും ആസ്വാദ്യകരമായ കാലാവസ്ഥയാണ് റിയാദിൽ ഇപ്പോഴുള്ളത്. വിനോദ വിസ്മയങ്ങളുടെ വരാനിരിക്കുന്ന ദിനങ്ങൾ ആസ്വദിക്കാനുള്ള ഒരുക്കത്തിയാണ് മലയാളികൾ ഉൾപ്പടെയുള്ള ആബാലവൃദ്ധം. എല്ലാ രാജ്യങ്ങളിൽ നിന്നും അതാത് രാജ്യത്തെ പ്രതിഭകൾ ഉത്സവ നഗരിക്ക് ആവേശം പകരാൻ അതിഥികളായെത്തുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

