റിയാദ് സീസൺ; രണ്ടു മാസത്തിനുള്ളിൽ ഒരു കോടി സന്ദർശകർ
text_fieldsറിയാദ് സീസൺ പരിപാടികളിൽനിന്ന്
റിയാദ്: രണ്ടു മാസത്തിനുള്ളിൽ ‘റിയാദ് സീസണിൽ’ എത്തിയത് ഒരു കോടി സന്ദർശകർ. പുതിയൊരു റെക്കോഡാണെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു. സീസണിന്റെ ഭാഗമായ വിവിധ കലാസാംസ്കാരിക പരിപാടികളും വിനോദ മേഖലകളും ആസ്വദിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വലിയ താൽപര്യം കാണിക്കുന്നു എന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവാഡ് സിറ്റി, വേൾഡ്, സുവൈദി പാർക്ക്, ഡിയോർ എക്സിബിഷൻ എന്നിവിടങ്ങളിലാണ് സന്ദർശകത്തിരക്ക് കൂടുതൽ.
സമാനതകളില്ലാത്ത ജന പങ്കാളിത്തത്തിനാണ് ഈ വേദികൾ സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഈ റെക്കോർഡ് ഒരു പ്രമുഖ വിനോദ കേന്ദ്രമെന്ന നിലയിൽ റിയാദ് സീസൺ നേടിയ ആഗോള പദവി സ്ഥിരീകരിക്കുന്നതാണ്. ബോക്സിങ് മത്സരങ്ങൾ, ഗുസ്തി, ടെന്നീസ്, പാർട്ടികൾ, റസ്റ്റാറന്റുകൾ, പാർക്കുകൾ, പുതിയ മേഖലകളിലെ അതുല്യമായ വിനോദ അനുഭവങ്ങൾ എന്നിവ സീസണിന്റെ ഭാഗമാണ്. ഇത് സന്ദർശകർക്ക് അസാധാരണവും സമാനതകളില്ലാത്തതുമായ അനുഭവം നൽകുന്നുവെന്നും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.

