‘റിയാദ് സീസൺ 2025’ സന്ദർശകരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു
text_fieldsറിയാദ്: റിയാദ് സീസൺ 2025ലേക്കുള്ള സന്ദർശകരുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒക്ടോബർ 10ന് ആരംഭിച്ച് ഒരു മാസത്തിനുള്ളിലാണിത്. ഈ റെക്കോഡ് മേഖലയിലെയും ലോകത്തിലെയും ഏറ്റവും വലുതും പ്രശസ്തവുമായ വിനോദ കേന്ദ്രമെന്ന പദവി സ്ഥിരീകരിക്കുന്നെന്നും ആലുശൈഖ് പറഞ്ഞു.
റിയാദ് സീസൺ ആരംഭിച്ചതിനുശേഷം ബൃഹത്തായതും ശ്രദ്ധേയവുമായ നിരവധി അന്താരാഷ്ട്ര പരിപാടികൾ അരങ്ങേറി. മികച്ച ക്രിയേറ്റർമാരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും മത്സരങ്ങളിൽ ഒരുമിപ്പിച്ച ‘കിങ്സ് കപ്പ് മെന’ ടൂർണമെൻറ്, അന്താരാഷ്ട്ര കായിക താരങ്ങളുടെ പങ്കാളിത്തത്തോടെ റിയാദ് ആതിഥേയത്വം വഹിച്ച ‘പവർ സ്ലാപ് 17’ ടൂർണമെൻറ് എന്നിവ ഇതിലുൾപ്പെടും.
ആഡംബരവും സർഗാത്മകതയും സംയോജിപ്പിക്കുന്ന അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന അൽ സുവൈദി പാർക്ക്, ദി ഗ്രോവ്സ് തുടങ്ങിയ വ്യതിരിക്തമായ മേഖലകൾ തുറന്നു. ‘അന അർബിയ’ എക്സിബിഷൻ, ജ്വല്ലറി സലൂൺ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര പ്രദർശനങ്ങൾക്കൊപ്പം സീസണിലുടനീളം നടക്കുന്ന മറ്റ് നിരവധി അതുല്യമായ പരിപാടികളും ആരംഭിച്ചതായും ആലുശൈഖ് പറഞ്ഞു.
റിയാദ് സീസൺ അനുഭവങ്ങളുടെ വൈവിധ്യത്തിലൂടെയും ആഗോള പങ്കാളിത്തങ്ങളിലൂടെയും വിനോദ വ്യവസായത്തിൽ മുൻനിര സ്ഥാനം ഉറപ്പിക്കുന്നത് തുടരുകയാണ്. ആഗോള വിനോദത്തിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായും സർഗാത്മകതക്കും മികവിനും വേണ്ടിയുള്ള ഒരു കേന്ദ്രമായും തലസ്ഥാനമായ റിയാദിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് സീസണിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

