‘റിയാദ് സീസൺ 2025’: ബോളിവുഡ് സൂപ്പർ താരങ്ങൾ ഒക്ടോബർ 17ന് റിയാദിൽ
text_fieldsറിയാദ്: റിയാദ് സീസണിനോടനുബന്ധിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ ഈ മാസം 17ന് റിയാദിലെത്തും. റിയാദിലെ ബൊളിവാർഡ് സിറ്റിയിൽ ഒക്റ്റോബർ 16, 17 തീയതികളിൽ നടക്കുന്ന ‘ജോയ് ഫോറം 2025’ൽ 17നാണ് ബോളിവുഡിലെ സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നിവർ ഒരുമിച്ച് പങ്കെടുക്കുക.
റിയാദ് സീസണിന്റെ ഭാഗമായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ജോയ് ഫോറം ആഗോള എന്റർടൈൻമെന്റ്, ബിസിനസ് സംഗമം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാര രംഗത്തെ പ്രമുഖരും, വ്യവസായ നേതാക്കളും മറ്റും ഒത്തുചേരുന്ന ഒരു വേദിയാണിത്. സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തെ വിനോദ വ്യവസായം വളർത്തുന്നതിനും ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി ഊന്നൽ നൽകുന്നു.
ഇന്ത്യൻ സിനിമയിലെ ഈ മൂന്ന് പ്രമുഖ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നിവരുടെ 30 വർഷത്തെ സിനിമ കരിയറിൽ വളരെ അപൂർവമായി മാത്രമേ ഒരു വേദിയിൽ ഒരുമിച്ച് എത്തിയിട്ടുള്ളൂ. ജോയ് ഫോറം 2025ൽ ഇവർ വീണ്ടും ഒരുമിച്ച് എത്തുന്നത് ആരാധകർക്ക് അവിസ്മരണീയ നിമിഷമായിരിക്കും.
ബോളിവുഡ് താരങ്ങളെ കൂടാതെ അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ് (യു.എഫ്.സി) സി.ഇ.ഒ ഡാന വൈറ്റ്, ബാസ്‌കറ്റ്‌ബാൾ ഇതിഹാസം ഷാക്വിൽ ഓനീൽ, യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്, അമേരിക്കൻ നടൻ ടെറി ക്രൂസ്, സൗത്ത് കൊറിയൻ നടൻ ലീ ജങ്ജേ, (Lee Jung-Jae), അമേരിക്കൻ ടി.വി താരം റയാൻ സീക്രസ്റ്റ് തുടങ്ങിയ നിരവധി ആഗോള പ്രമുഖരും ഈ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ സിനിമയുടെ ആത്മാവ് റിയാദിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് അമീർ ഖാന്റെ സാന്നിധ്യത്തെ കണക്കാക്കുന്നത്. ഷാരൂഖ് ഖാനും സൽമാൻ ഖാനും മുൻ വർഷങ്ങളിൽ റിയാദ് സീസൺ പരിപാടികളുടെ ഭാഗമായി സൗദിയിൽ എത്തിയിട്ടുണ്ട്. ഷാരൂഖ് ഖാനെ 2019-ലെ ജോയ് ഫോറത്തിൽ ആദരിച്ചിരുന്നു.
സൽമാൻ ഖാൻ ജോയ് അവാർഡ്‌സിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇത്തവണ മൂവരും ഒരുമിച്ച് എത്തുന്നത് സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. ബോളിവുഡിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സൂപ്പർ താരങ്ങളായ ഈ മൂവർ സംഘം ഒരേ വേദിയിൽ എത്തുന്നത് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

