റിയാദ് സലഫി മദ്റസ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsബത്ഹ റിയാദ് സലഫി മദ്റസ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഗൾഫ് ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് സുൽഫിക്കർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹയിലെ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയാനും അത്തരം സാഹചര്യങ്ങളുള്ള പശ്ചാത്തലങ്ങളിൽനിന്ന് മാറിനിൽക്കുവാനും സൗഹൃദവലയങ്ങളിലൂടെ ആരംഭിക്കുന്ന അപകടങ്ങളെ ബോധ്യപ്പെട്ട് മാറിനിൽക്കുവാനും പ്രവാസി കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗൾഫ് ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി കൺവീനറും മദ്റസ മാനേജറുമായ മുഹമ്മദ് സുൽഫിക്കർ പറഞ്ഞു. അത്തരം സാഹചര്യങ്ങളുടെ അറിവുകൾ ലഭിച്ചാൽ രക്ഷിതാക്കളെയും അധ്യാപകരെയും അധികൃതരെയും അറിയിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളായ കുട്ടികളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും ബോധവത്ക്കരണങ്ങളിലും സജീവമാക്കുവാൻ ബത്ഹ റിയാദ് സലഫി മദ്റസ എല്ലാകാലത്തും പ്രവർത്തിക്കാറുണ്ടെന്നും സലഫി മദ്റസ ഈ വർഷം സംഘടിപ്പിച്ച ‘മുക്തി- ലഹരി മരണത്തിന്റെ വ്യാപാരി’ എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കാളികളായതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.
കുട്ടികൾ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഓഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മുഹമ്മദ് നാജിൽ, വാജിദ്, റജീന ഇസ്ഹാഖ്, നസ്റിൻ, റംല ടീച്ചർ, റസീന, ഹനാൻ, സിൽസില എന്നിവർ നേതൃത്വം നൽകി. ആത്തിഫ് ബുഹാരി സ്വാഗതവും മുജീബ് ഇരുമ്പുഴി നന്ദിയും പറഞ്ഞു.മദ്റസയിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസയും ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും നടക്കുന്നുണ്ടെന്ന് മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് ഏഴു വരെയാണ് പഠനസമയം. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 0562508011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

