റിയാദ്: വന്യമൃഗങ്ങളെ കണ്ട് സഞ്ചാരം നടത്താൻ കഴിയുന്ന 'റിയാദ് സഫാരി' പാർക്കിലെ സന്ദർശനാനുമതി ജനുവരി 16 വരെ നീട്ടിയതായി റിയാദ് സീസൺ സംഘാടകർ അറിയിച്ചു.
സന്ദർശകർക്ക് അവിസ്മരണീയ കാഴ്ചകൾ സമ്മാനിക്കുന്ന പാർക്കിലേക്ക് ഈ തീയതി വരെ സഞ്ചാരം നടത്താം. ഏറ്റവും അപൂർവമായ മൃഗങ്ങളിലൊന്നായ വെളുത്ത സിംഹമടക്കം വിവിധയിനം മൃഗങ്ങളും പക്ഷികളും റിയാദ് സഫാരിയിലുണ്ട്. റിയാദ് നഗരത്തിന് പടിഞ്ഞാറ് 80 കിലോമീറ്റർ അകലെയാണ് പ്രകൃതിദത്തമായ അന്തരീക്ഷവും രസകരമായ കാഴ്ചകളും ഒരുക്കുന്ന റിയാദ് സഫാരി പാർക്ക്.
മൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്ന വിശാലമായ പാർക്കിലൂടെ സഞ്ചാരം, രുചികരമായ ഭക്ഷണങ്ങൾ, വിനോദ പരിപാടികൾ, ഗെയിമുകൾ എന്നിവയുൾപ്പെടുത്തി സവിശേഷ വിനോദാനുഭവമാക്കി മാറ്റുന്ന പരിപാടികൾ റിയാദ് സഫാരിയിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
റിയാദ് സീസൺ ആഘോഷ പരിപാടികളിലെ സന്ദർശകരുടെ എണ്ണം 80 ലക്ഷം കവിഞ്ഞതായി പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് പറഞ്ഞു.
ഇവരിൽ വിനോദസഞ്ചാരികളുടെ എണ്ണം ആറുലക്ഷത്തിലധികം വരുമെന്നും തുർക്കി ആലുശൈഖ് ട്വിറ്ററിൽ കുറിച്ചു.