റഹീമിന്റെ മോചനം വേഗത്തിലാക്കാൻ നിയമസാധ്യതകൾ തേടും -റിയാദ് സഹായസമിതി
text_fieldsറിയാദ് സഹായസമിതി ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വേഗത്തിലാക്കാൻ നിയമപരമായ സാധ്യതകൾ പരമാവധി തേടുമെന്ന് റിയാദ് സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച റിയാദ് ക്രിമിനൽ കോടതി 20 വർഷത്തെ തടവുശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ കേസിന്റെ ഇതുവരെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുച്ചേർത്ത വാർത്തസമ്മേളനത്തിലാണ് സമിതി ഭാരവാഹികൾ ഇക്കാര്യം പറഞ്ഞത്.
റഹീമിന്റെ അഭിപ്രായം അറിഞ്ഞതിനുശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ സാധ്യതകൾ പരിശോധിക്കും. അറസ്റ്റ് രേഖപ്പെടുത്തിയ 2006 ഡിസംബർ 24 മുതൽ 20 വർഷം പൂർത്തിയാകുന്നതുവരെയുള്ള തടവുശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്.
ശിക്ഷയിൽ ഇളവ് ലഭിച്ച് മോചനം വേഗത്തിലാക്കാൻ നിയമപരമായി എന്തെല്ലാം സാധ്യതകളുണ്ടോ അതെല്ലാം പരിശോധിച്ച് നിയമോപദേശം തേടി സാധ്യമായ ശ്രമങ്ങളുമായി സഹായസമിതി മുന്നോട്ടുപോകും. ഉത്തരവിറങ്ങിയത് മുതൽ 30 ദിവസമാണ് പ്രതിഭാഗത്തിനോ പബ്ലിക് പ്രോസിക്യൂഷനോ അപ്പീൽ പോകാനുള്ള കാലയളവ്. പ്രാഥമിക വിധിയാണ് ഇപ്പോൾ കോടതി പുറപ്പെടുവിച്ചത്.
ഈ വിധിക്ക് മേൽക്കോടതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. മേൽ കോടതി ശരിവെച്ചാൽ പകർപ്പ് ഗവർണറേറ്റ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നീങ്ങും. പിന്നീടായിരിക്കും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുക. തടവുകാർക്ക് പലതരം ആനുകൂല്യങ്ങളും പൊതുമാപ്പും സർക്കാർ നൽകാറുണ്ട്. ശിക്ഷാകാലാവധി അവസാനിക്കും മുമ്പ് അങ്ങനെയെന്തെങ്കിലും സാധ്യതയുണ്ടായാൽ അത് ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തും.
ചെയ്ത കുറ്റം മറച്ചുവെച്ചതിന് പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള ശിക്ഷയാണ് 20 വർഷത്തെ തടവ് എന്നാണ് വിധി പകർപ്പിൽനിന്ന് മനസ്സിലാകുന്നത്. ഇതുവരെ കേസ് നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യൻ എംബസിയുടെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സമിതി മുഖ്യരക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, സിദ്ദീഖ് തുവ്വൂർ, ട്രഷറർ സെബിൻ ഇഖ്ബാൽ, മുനീബ് പാഴൂർ, കുഞ്ഞോയി കോടാമ്പപ്പുഴ, നൗഫൽ പാലക്കാടൻ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, നവാസ് വെള്ളിമാട്കുന്ന്, ഷൗക്കത്ത് ഫറോക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

